27 വർഷമായി വിവാഹിതരായ ദമ്പതികൾക്ക് വിവാഹമോചനം അനുവദിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. തനിക്ക് വിവാഹമോചനം അനുവദിച്ച ചണ്ഡീഗഡ് ജില്ലാ കോടതി ഉത്തരവ് റദ്ദാക്കിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ 89 കാരൻ നൽകിയ അപ്പീൽ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. ഭാര്യയ്ക്ക് 82 വയസ്സായി.
എന്നാൽ ഭാര്യ ഇപ്പോഴും തന്റെ ഭർത്താവിനെ പരിപാലിക്കാൻ തയ്യാറാണ്. മാത്രമല്ല ജീവിതത്തിന്റെ ഈ ഘട്ടത്തിൽ തനിച്ചാക്കാൻ ആഗ്രഹിക്കുന്നില്ല. അപകീർത്തിയോടെ മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.
ഇന്ത്യൻ എയർഫോഴ്സിൽ നിന്ന് വിരമിച്ച ഡോക്ടറായ ഭർത്താവ് 1996 മാർച്ചിൽ ഹിന്ദു വിവാഹ നിയമപ്രകാരം പേരിൽ വിവാഹമോചന നടപടികൾ ആരംഭിച്ചതായി ബെഞ്ചിന് വേണ്ടി വിധി എഴുതിയ ജസ്റ്റിസ് ത്രിവേദി ചൂണ്ടിക്കാട്ടി. വിരമിച്ച അധ്യാപികയായ ഭാര്യ തന്നോട് ക്രൂരമായി പെരുമാറിയെന്നും മദ്രാസിലേക്ക് മാറ്റിയപ്പോൾ കൂട്ടുകൂടാതെ ഉപേക്ഷിച്ചുവെന്നും പിന്നീട് ഹൃദയസംബന്ധമായ അസുഖമുണ്ടായിട്ടും പരിചരിച്ചില്ലെന്നും ഇയാൾ ആരോപിച്ചു.
എന്നാൽ 1963 മുതൽ ഭാര്യ തന്റെ ജീവിതത്തിലുടനീളം പവിത്രമായ ബന്ധം നിലനിർത്തിയിട്ടുണ്ടെന്നും ഭർത്താവ് അവരോട് തികഞ്ഞ ശത്രുത പ്രകടിപ്പിച്ചിട്ടും മൂന്ന് മക്കളെ പരിപാലിച്ചുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.