കോഴിക്കോട്: പിതാവിന്റെ സ്വത്തിന്റെ പേരില്‍ വൃദ്ധരായ മാതാപിതാക്കളെയും സഹോദരങ്ങളെയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും തെരുവിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് .
ഭര്‍ത്താവ് മരിച്ച സ്ത്രീ ഇതുമായി ബന്ധപ്പെട്ട പരാതിയുമായി കമ്മീഷനെ സമീപിച്ചിരുന്നു. പോലീസ് പോലും ഇവര്‍ക്ക് നീതി ഉറപ്പിക്കാന്‍ ഒപ്പം നിന്നില്ലെന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് മരിച്ച് ഏതാനും ദിവസം കഴിഞ്ഞതോടെ മക്കള്‍ സ്വത്ത് വീതം വയ്ക്കാന്‍ ശ്രമം തുടങ്ങി. വൃദ്ധയായ മാതാവിനെ തീര്‍ത്തും അവഗണിക്കുകയാണ് മക്കള്‍ ചെയ്തത്. മകളാണ് ഇതിന് നേതൃത്വം നല്‍കിയത്. ഭിന്നശേഷിക്കാരനായ സഹോദരനെതിരേയും ക്രിമിനല്‍ കേസ് കൊടുത്തു.
ഇതുമായി ബന്ധപ്പെട്ട് ഫറോക്ക് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഉചിതമായ നടപടി ഉണ്ടായിട്ടില്ല. പരാതിക്കാരെ വനിതാ കമ്മീഷന് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്താന്‍ തീരുമാനിച്ചതായും ജോസഫൈന് പറഞ്ഞു.
ഫറോക്ക് പോലീസ് സ്റ്റേഷനെതിരേ ഒന്നില്‍ കൂടുതല്‍ പരാതികള്‍ കിട്ടിയിട്ടുണ്ട്.
ഇത് ഗൗരവമുള്ള വിഷയമാണെന്നും തിരുത്തുമെന്നും അവര്‍ പറഞ്ഞു. പൈതൃകമായി കിട്ടിയ സ്വത്ത് ഉപയോഗിക്കുന്നതില്‍ നിന്ന് ക്ഷേത്രകമ്മിറ്റിക്കാര്‍ സ്ത്രീയെ തടയുന്നതുമായി ബന്ധപ്പെട്ട പരാതിയും കമ്മീഷന്റെ മുന്നിലെത്തി.
കിഴക്കോത്ത് പഞ്ചായത്തിലാണ് സംഭവം. പൈതൃകസ്വത്തായി കിട്ടിയ സ്ഥലത്ത് ഒരു പ്രതിഷ്ഠ കണ്ടെത്തിയതിനെതുടര്‍ന്നാണ് വിവാദം ഉയര്‍ന്നുവന്നത്. സ്ഥലം സ്ത്രീക്ക് അവകാശപ്പെട്ടതാണെന്ന് അന്വേഷണം നടത്തിയ കമ്മീഷനുകള്‍ വ്യക്തമാക്കിയിരുന്നു.
കോടതി ഉത്തരവും അനുകൂലമാണ്. എന്നിട്ടും ക്ഷേത്രം ഭാരവാഹികള്‍ സമ്മതിക്കുന്നില്ല. നാലുതവണ വനിതാകമ്മീഷന് നോട്ടീസ് നല്‍കിയിട്ടും ക്ഷേത്രം ഭാരവാഹികള്‍ ഹാജരായില്ല. ഏതായാലും ഈ വിഷയത്തില്‍ പരാതിക്കാരിയുടെ കൂടെ ഉണ്ടാവുമെന്നും അവര്‍ക്ക് സ്ഥലം ഉപയോഗിക്കാമെന്നും ജോസഫൈന് പറഞ്ഞു.
പട്ടികവര്‍ഗ വിഭാഗക്കാരിയായ തഹസില്‍ദാരെ മാനസികമായി പീഡിപ്പിക്കുന്നതായുള്ള പരാതി മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തുമെന്ന് ജോസഫൈന് അറിയിച്ചു. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജോസഫൈന് പറഞ്ഞു.
കല്ലായിയില്‍ ആദിവാസി യുവതിയെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ കമ്മീഷന് നേരിട്ട് ചെന്ന് മൊഴിയെടുത്തു. ഇത്രയും വര്‍ഷം ജോലി ചെയ്തിന്റെ ശബളം കുടിശിക ഉള്‍പ്പെടെ ഏട്ടു ലക്ഷത്തിന് മീതെയുള്ള തുക നല്‍കാമെന്ന് വീട്ടുടമസ്ഥന് ഉറപ്പ് നല്‍കിയിട്ടുണ്ട്. വീട്ടിലേക്ക് തിരിച്ചു പോകേണ്ട എന്ന നിലപാടിലാണ് ഇവര്‍.
അവരുടെ പരിചരണവും വീട്ടുടമ ഏറ്റെടുക്കും. പണം നല്കാന് ആധാര്‍ കാര്‍ഡ് എടുക്കാന്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടപടി തുടരുകയാണന്നും കമ്മീഷന് അംഗം എം.എസ് .താര അറിയിച്ചു. ഇന്നലെ നടന്ന അദാലത്തില്‍ 87 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 14 എണ്ണത്തില്‍ തീര്‍പ്പ് കല്പിച്ചു. അഞ്ചെണ്ണം പൊലീസ് നടപടികള്‍ക്കായി അയച്ചു. 68 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.