എഴുപതുകാരിയായ ഉഗാണ്ടൻ വനിത സഫീന നമുക്വയ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. അങ്ങനെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മമാരിൽ ഒരാളായി സഫീനയുമെത്തി.
നമുക്വയയ്ക്ക് ഐവിഎഫ് ചികിത്സ ലഭിച്ച കമ്പാലയിലെ ഒരു ആശുപത്രിയിൽ ബുധനാഴ്ച സിസേറിയൻ വഴിയാണ് ഇരട്ടക്കുട്ടികളായ ഒരു ആൺകുട്ടിയും പെൺകുട്ടിയും ജനിച്ചത്. 31-ാം ആഴ്ചയിൽ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾ ഇൻകുബേറ്ററുകളിലാണ്.
വിമൻസ് ഹോസ്പിറ്റൽ ഇന്റർനാഷണൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഈ കാര്യം പങ്കുവച്ചു. “ഈ ചരിത്രസംഭവം ഐവിഎഫിലെ ഞങ്ങളുടെ രണ്ട് പതിറ്റാണ്ടുകളുടെ നേതൃത്വത്തെ അടയാളപ്പെടുത്തുക മാത്രമല്ല, ആഫ്രിക്കയിലെ പ്രധാന ഫെർട്ടിലിറ്റി സെന്റർ എന്ന നിലയിൽ ഞങ്ങളെ വേറിട്ടു നിർത്തുകയും ചെയ്യുന്നു.
നവംബർ 29 ബുധനാഴ്ച ഉച്ചയ്ക്ക് 12:04 ന് നമുക്വയ തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കുട്ടികൾ എല്ലാവരും സുഖമായിരിക്കുന്നെന്നും അവർ കൂട്ടിച്ചേർത്തു.