തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഫോർട്ട് സർക്കിൾ പരിധിയിലുള്ള ജ്യൂസ് സ്റ്റാളുകളിൽ കാലാവധി കഴിഞ്ഞ പാൽ മിൽക്ക് ഷേക്ക് നിർമിക്കുന്നതിനായി ഉപയോഗിക്കുന്നതായി കണ്ടെത്തി. കാലാവധി കഴിഞ്ഞ് ദിവസങ്ങളായ പാലാണ് പല ജ്യൂസ് കടകളിലും മിൽക്ക് ഷേക്കിനായി ഉപയോഗിക്കുന്നത്.
ഇങ്ങനെ കണ്ടെത്തിയ പാൽ നശിപ്പിച്ചു. ഹോട്ടലുകൾ, ബേക്കറികൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവ ഉൾപ്പെടുന്ന 13 സ്ഥാപനങ്ങളിൽ നിന്നായി ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ മാംസവിഭവങ്ങൾ, പൊറോട്ട, ചപ്പാത്തി, നൂഡിൽസ്, ഫ്രൈഡ് റൈസ് തുടങ്ങിയ ഉല്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
കൂടാതെ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകളും ഡിസ്പോസബിൾ ഉല്പന്നങ്ങളും പിടിച്ചെത്തിട്ടുണ്ട്. ഇത്തരത്തിൽ നിരോധിത ഉല്പന്നങ്ങളും പഴകിയ ഭക്ഷണ സാധനങ്ങളും കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നിയമനുസൃതമുള്ള നോട്ടീസ് നൽകി.
കർശന പരിശോധന തുടർന്നുള്ള ദിവസങ്ങളിലും തുടരുമെന്ന് മേയർ അറിയിച്ചു.
പരിശോധനയിൽ ഹെൽത്ത് സൂപ്രവൈസർ ടി.അലക്സാണ്ടർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.വി. അനിൽകുമാർ, സുജിത് സുധാകർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്ഐ സൈജു, എം.എസ്.ഷജി എന്നിവരും പങ്കെടുത്തു.