ഉത്സവകാലത്ത് ക്ഷേത്രങ്ങളിലെത്തുന്നവർ കാണിക്ക സമർപ്പിക്കുന്നത് സർവ സാധാരണമാണ്. എന്നാൽ കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുതി മലനടയിൽ ഉത്സവത്തിന് കാണിക്കയായി ലഭിച്ചത് 101 കുപ്പി വിദേശ മദ്യമാണ്. ഇന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമായ ഇവിടെ നടവരവായി ആണ് വിദേശ മദ്യമായ ഓൾഡ് മങ്കിന്റെ 101 കുപ്പികൾ ലഭിച്ചത്.
മാർച്ച് 22നാണ് ക്ഷേത്രത്തിൽ ഉത്സവം. അതിനു മുന്നോടിയായി ആണ് ഇത്രെയും മദ്യകുപ്പികൾ ക്ഷേത്രത്തിനു ലഭിച്ചത്. കൗരവ പടയിലെ ദുര്യോധനൻ മുതൽ ദുശ്ശള വരെ 101 പേർക്കും മലനട ഗ്രാമത്തിൽ ക്ഷേത്രങ്ങളുണ്ട്. ഇവർക്കുള്ള നടവരവായി ആണ് ഭക്തർ 101 കുപ്പി ഓൾഡ് മങ്ക് നൽകിയത്.
പാണ്ഡവരെ നശിപ്പിക്കുവാൻ പുറപ്പെട്ട ദുര്യോധനന് മലനടയിലെത്തിയപ്പോൾ ദാഹിച്ചു. അപ്പോൾ അദ്ദേഹം അടുത്തുള്ള വീട്ടിൽ നിന്നും വെള്ളം ആവശ്യപ്പെട്ടു. എന്നാൽ അവിടെയുണ്ടായിരുന്ന സ്ത്രീ വെള്ളത്തിനു പകരം കള്ള് നൽകിയെന്നും അതിന്റെ സ്മരണയ്ക്കായി ആണ് ക്ഷേത്രത്തിൽ മദ്യം സമർപ്പിക്കുന്നതെന്നുമാണ് ഐതിഹ്യം. കിരണ്‍ ദീപു എന്ന വ്യക്തിയാണ് നടവരവായി ലഭിച്ച മദ്യകുപ്പികളുടെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.