പാവറട്ടി: മക്കൾ അഞ്ചുണ്ടെങ്കിലും രോഗികളും വയോധികരുമായ ഒരച്ഛനും അമ്മയും സംരക്ഷണത്തിനായി ശരണാലയങ്ങളുടെ വാതിൽ മുട്ടുകയാണ്.
പാവറട്ടി ഗ്രാമ പഞ്ചായത്തിലെ പുതുമനശേരി സ്വദേശി പൊന്നോത്ത് ഗോപിനായർ(82), ഭാര്യ തലശേരി മുള്ളൂർ വീട്ടിൽ രേവതി(62) എന്നിവരാണ് സംരക്ഷണത്തിനായി അനാഥാലയങ്ങൾ തേടുന്നത്.
ഗോപിനായരുടെ ആദ്യ ഭാര്യ അരീക്കര പത്മിനി മരണപെട്ടതിനുശേഷം 30 വർഷം മുന്‍പാണ് രേവതിയെ വിവാഹം കഴിച്ചത്.
ആദ്യ ഭാര്യയിലുള്ളതാണ് മൂന്നു പെണ്ണും, രണ്ട് ആണുമടക്കം അഞ്ച് മക്കൾ. രേവതിയിൽ ഗോപി നായർക്ക് മക്കളില്ല.
പത്ത് വർഷമായി രേവതി തളർവാതം പിടിച്ച് കിടപ്പിലാണ്. ഗോപിനായരുടെ രണ്ട് കണ്ണുകളുടെയും കാഴ്ച ഭാഗികമായി നഷ്ടപെട്ട അവസ്ഥയിലുമാണ്.
നിത്യരോഗികളായ ഇരുവർക്കും മരുന്നിനു മാത്രമായി രണ്ടായിരം രൂപയിലധികം മാസം ചെലവു വരുന്നുണ്ട്. ഇരുവർക്കും കിട്ടുന്ന സർക്കാറിന്റെ ക്ഷേമ പെൻഷനുകൾ മാത്രമാണ് ഏക ആശ്രയം.
രണ്ടുപേരുടെ സഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത വിധം രേവതി തളർന്നു കഴിഞ്ഞു.
അയൽവാസികളായ മരുതോ വീട്ടിൽ ബിന്ദുവിജയനും അന്പലത്തിങ്ങൽ അംബിക കുമാരനും ചേർന്ന് താങ്ങിയെടുത്താണ് രേവതിയെ കക്കൂസിലേക്കും കുളിമുറിയിലേക്കും കൊണ്ടു പോകുന്നത്.
ഇരുവരെയും ആശുപത്രിയിൽ കൊണ്ടു പോകുന്നതിനും പലചരക്ക് സാധങ്ങളും മരുന്നുൾപ്പടെയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റികൊടുക്കുന്നതും പൊതു പ്രവർത്തകനായ പി.വി. ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ്.
മാതാപിതാക്കളുടെ സംരക്ഷണമേറ്റെടുക്കാൻ പല തവണ മക്കളെ ബന്ധപെട്ടുവെങ്കിലും ആരും തയാറായില്ല.
ഇരുവരെയും ഒന്നിച്ച് ശരണാലയത്തിലേക്കു മാറ്റാനുള്ള ഇടപെടൽ വാർഡ് മെന്പർ സിബി ജോണ്‍സന്റെ നേതൃത്വത്തിൽ ഉൗർജിതമായി നടക്കുന്നുണ്ട്.