നിയാസ് മുസ്തഫ
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിക്ക് ലോകജനതയുടെ മുന്പിൽ വീര പരിവേശമാണുള്ളത്.
യുക്രെയ്നിൽ പടയൊരുക്കി റഷ്യ പ്രവേശിച്ചപ്പോൾ എല്ലാവരും കരുതി യുക്രെയ്ൻ തീർന്നുവെന്ന്. സെലൻസ്കിയാവട്ടെ, സ്വന്തം തടിയും നോക്കി നാടു വിടുമെന്ന്.
പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. സ്ക്രീനിൽ കോമഡി നടനായി ജീവിച്ച സെലൻസ്കി, ഭരണരംഗത്ത് ഒരു പുലിയായി മാറുന്ന കാഴ്ചയാണ് കണ്ടത്.
തന്റെ രാജ്യത്തെ ജനങ്ങൾക്കും സൈനികർക്കും ആത്മവിശ്വാസം പകർന്ന് തലയെടുപ്പോടെ ആ ഭരണാധികാരി യുദ്ധമുഖത്ത് നിലയുറപ്പിച്ചു.
തലസ്ഥാന നഗരമായ കീവിനു മുകളിൽ ഉൾപ്പെടെ റഷ്യൻ സൈന്യം തുരുതുരാ ബോംബിട്ടിട്ടും സെലൻസ്കിയുടെ രോമത്ത് പോലും തൊടാൻ റഷ്യക്ക്് ആയില്ല.
രാജ്യസ്നേഹം തുളുന്പുന്ന വാക്കുകൾകൊണ്ട് ഓരോ ദിവസവും യുക്രെയ്ൻ ജനതയോട് സെലൻസ്കി സംവദിച്ചുകൊണ്ടേയിരുന്നു.
ഇത്തിരിപ്പോന്ന ആയുധങ്ങളും സൈന്യവുമായി റഷ്യ എന്ന ഭീമാകരനോട്് ഏറ്റുമുട്ടി ഇപ്പോഴും അടിപതറാതെ ഒരു രാജ്യത്തെയും അവിടുത്തെ ജനതയേയും ചേർത്തുനിർത്തുകയാണ് സെലൻസ്കി.
അന്താരാഷ്ട്ര സമൂഹത്തോടും രാജ്യങ്ങളോടും സഹായം അഭ്യർഥിച്ചും റഷ്യയുടെ മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താനുള്ള ആഹ്വാനം നടത്തിയും റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ കണ്ടെത്തിയും തെളിവു ശേഖരിച്ചും റഷ്യയുടെ ആക്രമണമനസ് സെലൻസ്കി ഇടയ്ക്കിടെ പൊള്ളിച്ചുകൊണ്ടിരിക്കുന്നു.
ഒലേന പറയുന്നു
സെലൻസ്കിയുടെ ഭാര്യ ഒലേന സെലൻസ്കയും മക്കളും ഇപ്പോഴും അജ്ഞാത കേന്ദ്രത്തിലാണ്.
തന്നെയും തന്റെ കുടുംബത്തെയും ഇല്ലാതാക്കുക എന്നത് റഷ്യയുടെ പ്രഥമ ലക്ഷ്യമാണെന്ന് യുദ്ധത്തിന്റെ ആദ്യവേളയിൽതന്നെ സെലൻസ്കി വ്യക്തമാക്കിയിരുന്നു.
പ്രമുഖ മാധ്യമത്തിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഒലേന പറയുന്നത് തന്റെ ഭർത്താവിനെ യുദ്ധം തുടങ്ങിയതിൽപ്പിന്നെ താൻ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നാണ്.
ഭർത്താവുമായി ഫോണിലൂടെ മാത്രമാണ് ഇപ്പോൾ സംസാരിക്കുന്നത്. വീടും കുടുംബവും തൽക്കാലം മാറ്റിവച്ച്,
രാജ്യത്തിനായി അവസാനശ്വാസം വരെയും പോരാടുമെന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ടുപോകുന്ന ഭർത്താവിനെ ഓർത്ത് ഒലേന അഭിമാനിക്കുന്നു.
ഞങ്ങൾക്ക് നോവും
യുക്രെയ്നിലെ ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയായാൽ, കുട്ടികൾ പീഡിപ്പിക്കപ്പെട്ടാൽ, നിരപരാധികളായ സിവിലിയൻമാർ കൊല്ലപ്പെട്ടാൽ അതിന്റെ വേദന ഞങ്ങൾക്കും അനുഭവപ്പെടുന്നു.
നമുക്കെല്ലാവർക്കും അനുഭവപ്പെടുന്ന വ്യക്തിപരമായ കോപവും വേദനയുമാണ്,
പ്രവർത്തിക്കാനും റഷ്യൻ ആക്രമണത്തെ ചെറുക്കാനും നമ്മുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുമുള്ള ആഗ്രഹത്തെ തൽക്ഷണം സജീവമാക്കുന്നത്.- ഒലേന പറയുന്നു.
അന്നത്തെ ദിവസം
അധിനിവേശ ദിവസമായ ഫെബ്രുവരി 24ന് പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ ഒരു വലിയ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. അതൊരു പൊട്ടിത്തെറിയാണെന്ന് പിന്നീട് മനസിലായി.
തന്റെ ഭർത്താവിനെ സ്യൂട്ടിൽ അവസാനമായി കണ്ടത് അന്നാണ്. പിന്നീട് അദ്ദേഹം പട്ടാളവേഷത്തിലേക്ക് മാറി.
റഷ്യയുടെ റഡാർ കണ്ണുകൾക്ക് പിടികൊടുക്കാതെ സൈനികരോടൊപ്പം യുദ്ധമുഖത്താണ് എന്റെ ഭർത്താവും.
ഞങ്ങളുടെ ഒന്പത് വയസുള്ള മകനോടും 17 വയസുള്ള മകളോടും ഒന്നും വിശദീകരിക്കേണ്ട ആവശ്യമില്ല. യുക്രെയ്നിലെ എല്ലാ കുട്ടികളെയും പോലെ അവർ എല്ലാം കാണുന്നു.
നിങ്ങൾക്ക് അവരിൽ നിന്ന് ഒന്നും മറയ്ക്കാൻ കഴിയില്ല. യുദ്ധം നിമിത്തം യുവാക്കളിൽ രാജ്യസ്നേഹം കൂടി.
അവർ ദേശസ്നേഹികളും തങ്ങളുടെ മാതൃരാജ്യത്തിന്റെ സംരക്ഷകരുമായി വളർന്നു. സന്നദ്ധപ്രവർത്തകരുടെ ഒരു രാജ്യമായി യുക്രെയ്ൻ മാറി.
സമൂഹത്തിന്റെ നാനാതുറയിലുള്ളവരും പരസ്പരം അവരുടെ സഹോദരങ്ങളെ സഹായിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നു.
ആദ്യ ദിനം ലംഘിച്ചു
അധിനിവേശത്തിന്റെ ആദ്യ ദിവസം തന്നെ സൈനിക കേന്ദ്രങ്ങൾ മാത്രമേ ലക്ഷ്യമിടൂവെന്ന വാക്ക് റഷ്യ ലംഘിച്ചു.
യുദ്ധത്തിന്റെ മൂന്നാം ദിവസമായപ്പോഴേക്കും ബോംബ് ഷെൽട്ടറിൽ ഒരു കുഞ്ഞ് ജനിച്ചു.
അതിനുശേഷം, ആയിരക്കണക്കിന് സ്ത്രീകൾക്ക് ബോംബ് ഷെൽട്ടറുകളിൽ പ്രസവിക്കേണ്ടിവന്നു. പ്രസവ ആശുപത്രികളെപ്പോലും അവർ വെറുതെവിട്ടില്ല.
അധിനിവേശ നഗരങ്ങളിൽ നിന്ന് കാൽനടയായി പലായനം ചെയ്യുന്നതിനിടയിൽ നിരവധി സ്ത്രീകൾക്ക് തങ്ങളുടെ ജീവൻ നഷ്ടമായി.
ഭർത്താക്കന്മാരുടെയും സഹോദരന്മാരുടെയും പിതാവിന്റെയും സഹായമില്ലാതെ കുട്ടികളെയും കൂട്ടിക്കൊണ്ടുപോയി ആക്രമണകാരികളോട് പോരാടാൻ സ്ത്രീകളും രംഗത്തുവന്നു.
റഷ്യ മാനുഷിക ഇടനാഴികളെ പോലും അവഗണിച്ചു. അധിനിവേശ നഗരങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന സാധാരണക്കാർക്കു നേരേ അവർ ബാംബെറിഞ്ഞു. അവരിൽ പലരും സ്ത്രീകളും കുട്ടികളും ആയിരുന്നു.
ഏകദേശം നാല് മില്യണ് യുക്രേനിയൻ സ്ത്രീകളും കുട്ടികളും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി. അവരുടെ ജീവിതം അവരുടെ സ്വന്തം വീട്ടിൽ നിന്ന് വളരെ അകലെയാണിപ്പോൾ.-ഒലേന പറയുന്നു.
യുക്രെയ്നിലെ പ്രഥമ വനിത ഒലേന ഒരു ടെലഗ്രാം ചാനൽ ആരംഭിച്ചിട്ടുണ്ട് ഇപ്പോൾ. യുക്രെയ്ൻകാരെ, അവരുടെ യുദ്ധാനുഭവങ്ങൾ പങ്കിടാൻ ഒലേന ക്ഷണിക്കുന്നു.
നിങ്ങളുടെ അനുഭവങ്ങൾ രാജ്യത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായി മാറും. -ഒലേന പറയുന്നു.