അടൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ എംആര്‍ഐ സ്കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച റേഡിയോഗ്രാഫര്‍ അറസ്റ്റില്‍.
അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ദേവി സ്കാനിംഗ് സെന്ററില്‍ ഇന്നലെ രാത്രിയാണ് സംഭവം. റേഡിയോഗ്രാഫര്‍ കടയ്ക്കല്‍ ചിതറ മാത്തറ നിധീഷ് ഹൗസില്‍ അംജിത്താണ് (24) അറസ്റ്റിലായത്.
ഏഴംകുളം സ്വദേശിനിയായ യുവതി എംആര്‍ഐ സ്കാനിംഗിനായാണ് സ്ഥാപനത്തില്‍ എത്തിയത്. തുടര്‍ന്ന് മുറിയില്‍ കയറി വസ്ത്രം മാറുന്നതിനിടെയാണ് അംജിത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു ശ്രദ്ധയില്‍പ്പെട്ടത്.
പെണ്‍കുട്ടി ബഹളം വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം അംജിത്തിനെ കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയുടെ മൊഴി വാങ്ങി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവം പുറത്തറിയാതെ ഒത്തുതീര്‍പ്പിനു ചില ശ്രമങ്ങള്‍ നടന്നെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല.
ഇയാള്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പകര്ത്തിയിട്ടുണ്ടോയെന്നറിയാന് ഫോണ്‍ സൈബര്‍സെല്ലിനു കൈമാറുമെന്ന് പോലീസ് പറഞ്ഞു. സമീപകാലത്താണ് ഈ സ്ഥാപനം അടൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്..