ബോസ്റ്റൺ: പതിനാലുകാരിയുടെ ചിത്രങ്ങൾ പകർത്താൻ ടോയ്ലെറ്റ് സീറ്റിൽ ഐഫോൺ ഒളിപ്പിച്ചെന്നു വിമാനജീവനക്കാരനെതിരേ ആരോപണം. ഷാർലറ്റിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്.
ടോയ്ലറ്റ് സീറ്റിന്റെ പിൻഭാഗത്താണ് ഐഫോൺ ടേപ്പ് ചെയ്ത് വച്ചിരുന്നത്. മകളെ ലക്ഷ്യം വച്ച് ജീവനക്കാരിൽ ഒരാളാണ് ഇത് ചെയ്തതെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
ടോയ്ലെറ്റ് ഉപയോഗിച്ചതിനുശേഷം പെൺകുട്ടിക്ക് സീറ്റിന് പിൻഭാഗത്ത് ഐഫോൺ വച്ചിരിക്കുന്നതായി മനസിലായിരുന്നു. ബാത്ത്റൂമിൽനിന്നു പുറത്തിറങ്ങുന്നതിന് മുമ്പ് പെൺകുട്ടി തന്റെ ഫോണിൽ അതിന്റെ ചിത്രവും പകർത്തി.
ഇതുസംബന്ധിച്ചു കുടുംബം വിമാനത്തിൽവച്ചുതന്നെ പ്രതികരിച്ചിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പോലീസ് ഒരു ഫ്ലൈറ്റ് അറ്റൻഡന്റിനെ ഫ്ലൈറ്റിൽനിന്നു കൊണ്ടുപോയി.
അതേസമയം, ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ലെന്നു കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പോൾ ലെവെലിൻ പറഞ്ഞു.