സ്വന്തം ലേഖകന്‍
കോഴിക്കോട്: കേരളത്തില്‍ ഇടതുമുന്നണി അഭിമാനപേരാട്ടമായി കണക്കാക്കുന്ന കോഴിക്കോട് മണ്ഡലത്തില്‍ എം.കെ.രാഘവന്റെ എംപിയായുള്ള മൂന്നാമൂഴത്തിന് തടയിടാന്‍ സിപിഎമ്മിന്റെ പൂഴിക്കടകന്‍. ഒരു ഹിന്ദി ചാനലിന്റെ ഒളികാമറ ഓപറേഷനാണ് എം.കെ. രാഘവനെതിരായ പ്രചരണ ആയുധമാക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
ദൃശ്യങ്ങള്‍ സഹിതമാണ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വാര്‍ത്തയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് എം.കെ.രാഘവന് അറിയിച്ചുകഴിഞ്ഞു. എന്തായാലും വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ ശാസ്ത്രീയ പരിശോധന വേണമെന്നുറപ്പാണ്. അതിന് സമയം ഏറെ പിടിക്കും താനും. അതിനിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വയം പ്രതിരോധിക്കാന്‍ രാഘവനും സംഭവം വിവാദമാക്കാന്‍ സിപിഎമ്മും രംഗത്തെത്തിയിരിക്കുകയാണ്.
ആരോപണത്തിനു പിന്നില്‍ സിപിഎമ്മാണെന്നും ഇതിനുപിന്നില്‍ മാഫിയാസംഘങ്ങളുണ്ടെന്നും രാഘവന് പറഞ്ഞുകഴിഞ്ഞു. എന്തായാലും ജനപ്രിയരായ എ. പ്രദീപ് കുമാര്‍ എംഎല്‍എയും എം.കെ.രാഘവനും മത്സരിക്കുന്ന മണ്ഡലത്തില്‍ തുടക്കത്തില്‍ ചര്‍ച്ചയായത് വികസനമായിരുന്നു. വികസന കാര്യത്തില്‍ രണ്ടുപേരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രചാരണത്തില്‍ നിറഞ്ഞുനിന്നു. എന്നാല്‍ അവസാനലാപ്പില്‍ അഴിമതിയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് കളം നിറയുന്നത്.
അവസാനനിമഷത്തിലെ ട്വിസ്റ്റില്‍ സാധാരണക്കാരും പ്രവര്‍ത്തകരും എന്ത് നിലപാടെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്. അതേസമയം, എം.കെ. രാഘവനെതിരെയുള്ള അഴിമതി ദൃശ്യങ്ങള്‍ പുറത്തുവന്നത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കള്ളപ്പണം ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് സിപിഎം നേതാവ് എളമരം കരീം എംപി പറഞ്ഞു. ചാനല്‍ സംഘം തന്നെ വന്നു കണ്ടുവെന്നും അവരുമായി സംസാരിച്ചിരുന്നുവെന്നും രാഘവന് സമ്മതിക്കുന്നുണ്ടെന്നും അഴിമതി പുറത്തായ സാഹചര്യത്തില്‍ രാഘവന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ഇതേ ആവശ്യവുമായി രംഗത്തെത്തിക്കഴിഞ്ഞു. ചാനലിലെ ദൃശ്യങ്ങള്‍ വളരെ വ്യക്തമാണ്. ചാനലുകാരോട് സംസാരിക്കുന്നത് രാഘവന് തന്നെയാണെന്ന് അദ്ദേഹത്തിന്റെ ശബ്ദം അറിയുന്നവര്‍ക്ക് മനസ്സിലാകും. ഹോട്ടല്‍ തുടങ്ങുന്നതിന് പണം സ്വീകരിക്കാമെന്നു സമ്മതിക്കുന്നത് വ്യക്തമായ അഴിമതിയാണ്. 75 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് ഒരു മണ്ഡലത്തില്‍ ചിലവഴിക്കാവുന്ന പരമാവധി തുക. എന്നാല്‍ രാഘവന് പറയുന്നത് 20 കോടി ചിലവുണ്ട് എന്നാണ്.
ഇത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും കരീം ചൂണ്ടിക്കാട്ടി. അതേസമയം പുറത്തുവിട്ട വീഡിയോ നിരവധി തവണ എഡിറ്റ് ചെയ്തതാണെന്നാണെന്ന വാദവും ഉയരുന്നു. പുതുതായി ലോഞ്ച് ചെയ്ത ഒരു ചാനലിന്റെ റേറ്റിഗ് ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് വീഡിയോ ക്ലിപ്പ്. ചാനല്‍ പുറത്തുവിട്ട വീഡിയോയിലെ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ ചോദ്യങ്ങള്‍ക്കും മറുപടിക്കും ഇടയില്‍ നിരവധി “കട്ടുകള്‍’ നടത്തിയിട്ടുണ്ടെന്നത് വ്യക്തമാണ്. ഇതില്‍ നിന്നുതന്നെ ഇത് കരുതിക്കൂട്ടി തയാറാക്കിയ വ്യാജ വീഡിയോ ആണെന്നത് വ്യക്തമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.