ബംഗളുരു: വനിതാ നീന്തൽ താരങ്ങളുടെ വീഡിയോ പകർത്തിയ അർജുന പുരസ്കാര ജേതാവിനു വിലക്ക്. നീന്തൽ ചാന്പ്യൻഷിപ്പിനിടെ വനിതാ നീന്തൽ താരങ്ങളുടെ വീഡിയോ രഹസ്യമായി പകർത്തിയ സംഭവത്തിലാണ് അർജുന പുരസ്കാര ജേതാവും പാരാനീന്തൽ താരവുമായ പ്രശാന്ത കർമാകറെ മൂന്നുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. പാരാലിംപിക് കമ്മറ്റി ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്.
കഴിഞ്ഞ വർഷം ജയ്പൂരിൽ നടന്ന ദേശീയ പാരാ നീന്തൽ ചാന്പ്യൻഷിപ്പിനിടെയായിരുന്നു സംഭവം. പ്രശാന്ത കർമാകർ തന്റെ സഹായികളിൽ ഒരാൾക്ക് ക്യാമറ നൽകി വനിതാ നീന്തൽ താരങ്ങളുടെ വീഡിയോ പകർത്താൻ നിർദേശിച്ചു. സഹായി വീഡിയോ പകർത്തുന്നതിനിടെ നീന്തൽ താരങ്ങളുടെ മാതാപിതാക്കൾ ഇടപെടുകയും ചിത്രീകരണം നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിന് ഇയാൾ സമ്മതിച്ചില്ല. തുടർന്നാണ് താരങ്ങൾ പരാതി നൽകിയത്.
ലോക നീന്തൽ ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡൽ നേടിയ ആദ്യ താരമാണ് പ്രശാന്ത കർമാകർ. 2016 ലെ റിയോ പാരാലിംപിക്സിൽ ഇന്ത്യൻ നീന്തൽ പരിശീലകനായിരുന്നു ഇയാൾ.