ഗുരുവായൂർ: നഗരസഭ ടൗണ്‍ഹാളിൽ സ്ത്രീകൾ വസത്രം മാറുന്ന സ്ഥലത്ത് കാമറ സ്ഥാപിച്ചതുമായി ബന്ധപെട്ട വിവാദം പുതിയ തലത്തിലേക്ക്. കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പോലീസിനു നൽകിയത് യഥാർഥ കാമറയല്ലെന്ന് ഗുരുവായൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കുറ്റക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അധികാരികൾ കാമറയിൽ തിരിമറി നടത്തി. ഭരണ സ്വാധീനം ഉപയോഗിച്ച് അന്വേഷണ റിപ്പോർട്ട് അനുകൂലമാക്കിയതായും മണ്ഡലം ഭാരവാഹികൾ പറഞ്ഞു.കാമറ സ്ഥാപിച്ചതുമായി ബന്ധപെട്ട് ആരോപണ വിധേയനായ സിപിഎം പ്രവർത്തകനെ രക്ഷപെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. ആരോപണം ഉയർന്നപ്പോൾ തെറ്റ് സമ്മതിച്ച ഭരണാധികാരികൾ ഇപ്പോൾ ഡമ്മി കാമറയാണെന്ന് പറഞ്ഞ് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഇത് സ്തീ തൊഴിലാളികളെ അപമാനിക്കുന്നതിന് തുല്യമാണ്. കാമറ വിവാദവുമായി ബന്ധപെട്ട് കാര്യങ്ങൾ അന്വേഷിക്കാനെത്തിയ യുഡിഎഫ് നേതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകാനുള്ള കൗണ്‍സിലിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ യുഡിഎഫ് വിയോജനകുറിപ്പ് നൽകിയാതായും ഭാരവാഹികൾ പറഞ്ഞു.
വിവാദത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയർപേഴ്സൺ രാജിവയ്ക്കണമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട്,യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എ.പി.ബാബു,ശശി വാറണാട്ട്,മേഴ്സിജോയ്,പി.കെ.ജോർജ്,സി.എസ്.സൂരജ് എന്നിവർ പത്രമസമ്മേളനത്തിൽ പങ്കെടുത്തു.