നാദാപുരം: ഭർതൃമാതാവിനെ വീട്ടിൽ പൂട്ടിയിട്ട് നാടുവിട്ട യുവതി കാമുകനൊപ്പം പോയി. വിഷ്ണു മംഗലം സ്വദേശിയായ മുപ്പത് കാരിയാണ് പയ്യന്നൂർ രാമന്തളി സ്വദേശിയായ മുപ്പത്താറ്കാരനൊപ്പം പോയത്.
ഭർത്താവിനൊപ്പം വിദേശത്തായിരുന്ന യുവതിയും കുഞ്ഞും കഴിഞ്ഞയാഴ്ചയാണ് ഭർതൃ വീട്ടിൽ എത്തിയത്.
രണ്ട് ദിവസത്തിന് ശേഷം വീട്ടിൽ ഭർതൃമാതാവ് ഉറങ്ങികിടക്കുമ്പോൾ മുറി പുറത്ത് നിന്ന് പൂട്ടി കാറുമായെത്തിയ കാമുകനൊപ്പം യുവതി കടന്നുകളയുകയായിരുന്നു. മകളെയും ഒപ്പം കൂട്ടിയിരുന്നു.
ഭർതൃ പിതാവിനെ ഫോൺ റീ ചാർജ് ചെയ്യാൻ പറഞ്ഞയച്ച് ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് യുവതി നാട് വിട്ടത്. തുടർന്ന് വളയം പോലീസിൽ യുവതിയുടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.
മൊബൈൽ നമ്പർ പിന്തുടർന്ന വളയം പോലീസ് യുവതി പയ്യന്നൂർ പരിസരത്തുണ്ടെന്ന് മനസ്സിലാക്കി പയ്യന്നൂർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ഇവർ യുവതിയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും വളയം പോലീസിന് കൈമാറുകയുമായിരുന്നു.
വിദേശത്ത് മകളുടെ സ്കൂൾ ബസ് ഡ്രൈവറാണ് കാമുകൻ. ഈ ബന്ധം വളരുകയും ഭർത്താവിന്റെ തൊഴിൽ കാർഡ് പുതുക്കുന്ന സമയം നോക്കി യുവതി തന്ത്രപൂർവ്വം നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു. യാത്രയിൽ ഈ യുവാവും കൂടെയുണ്ടായിരുന്നു.
വിമാനത്താവളത്തിൽ വച്ച് യുവതിയുടെ ബന്ധുക്കളെ കണ്ടതോടെ യുവാവ് തടി തപ്പുകയായിരുന്നു. മറ്റൊരു മതത്തിൽപ്പെട്ട യുവതിയെ മതം മാറ്റി വിവാഹം കഴിച്ച യുവാവിന് ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്.
വീണ്ടും ഇതര മതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിക്കാനെത്തിയത് വിവാഹ തട്ടിപ്പ് വീരനാണെന്ന് പ്രചരിച്ചതോടെ യുവാവിനെ കാണാൻ വൻ ജനാവലിയാണ് സ്റ്റേഷൻ പരിസരത്ത് തടിച്ച് കൂടിയത്.
രാത്രി എട്ട് മണിയോടെ പോലീസ് ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം രാത്രി ഒൻപതര മണിയോടെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി.
കാമുകനൊപ്പം പോവാനാണ് താൽപര്യമെന്ന് യുവതി കോടതിയിൽ അറിയച്ചതോടെ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പറഞ്ഞയക്കുകയായിരുന്നു.