ചാവക്കാട്: ഭർത്താവിനെ ഉറക്കിക്കിടത്തി രണ്ടുവയസ് പ്രായമുള്ള കുഞ്ഞിന്റെ സ്വർണപാദസരവുമായി അയൽവാസിയായ കാമുകനോടൊപ്പം മുങ്ങിയ യുവതിക്ക് ഒടുവിൽ രണ്ടാം മണിയറയിൽനിന്ന് ജയിലിലേക്ക്.അഞ്ചങ്ങാടി സ്വദേശിനിയായ 21കാരി ഭർത്താവിന്റെ അകലാട്ടെ വീട്ടിൽനിന്നുമാണ് മുങ്ങിയത്.
കഴിഞ്ഞമാസം 15ന് അർദ്ധരാത്രിക്കു ശേഷമാണ് ഭർത്താവിന്റെ സുഹൃത്ത് ലബടകത്ത് ഉമ്മർ ഫാറൂഖി(30)നോടൊപ്പം പോയത്. കുഞ്ഞിന്റെ കരച്ചിൽകേട്ട് ഭർത്താവ് ഉണർന്നപ്പോൾ ഭാര്യയെ കാണാനില്ല. അടുക്കളവാതിൽ തുറന്ന് കിടക്കുന്നു. പുറത്ത് തെരച്ചിൽ നടത്തി അകത്ത് വന്നപ്പോൾ യുവതിയുടെ കത്ത് കണ്ടു. ഉമ്മർ ഫാറൂഖിനോടൊപ്പം പോകുന്നു.
പോലീസിൽ പരാതി നൽകി. വടക്കേക്കാട് പോലീസും ബന്ധുക്കളും അന്വേഷണം നടത്തുന്നതിനിടയിൽ ഇരുവരും ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. ഇരുവരും സന്തോഷത്തോടെ കഴിയുന്ന ചിത്രങ്ങൾ. പക്ഷേ സ്ഥലം പിടികിട്ടിയില്ല. പോലീസ് അന്വേഷണം തുടർന്നു. മാനന്തവാടിയിലുണ്ടെന്ന് വിവരം ലഭിച്ചു. എസ്എച്ച്ഒ പി. അബ്ദുൾ ഹക്കീം, എസ്ഐ കെ. പ്രദീപ്കുമാർ, എഎസ്ഐ എം.കെ. ജോഷി, സിപിഒമാരായ ശശിധരൻ, സൗമ്യശ്രീ എന്നിവരടങ്ങുന്ന സംഘം വയനാട്ടിലേക്ക് പോയി.
ഹോട്ടൽ ജോലി ചെയ്ത് കാമുകിയെ പോറ്റുന്ന കാമുകനും വാടകവീട്ടിൽ കഴിഞ്ഞിരുന്ന കാമുകിയും പിടിയിലായി. രണ്ടു വയസ് തികയാത്ത കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കുറ്റത്തിന് ബാലാവകാശനിയമപ്രകാരമാണ് യുവതിയുടെ അറസ്റ്റ്. മറ്റൊരാളുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയതിന് ഉമ്മറും അറസ്റ്റിലായി.
കുന്നംകുളം കോടതി റിമാൻഡ് ചെയ്ത യുവതിയെ വിയ്യൂർ ജയിലിലേക്കും യുവാവിനെ ചാവക്കാട് സബ് ജയിലിലേക്കും മാറ്റി.