പയ്യന്നൂര്‍: കാണാതായ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി നഴ്സിംഗ് സൂപ്രണ്ടും ആംബുലന്‍സ് ഡ്രൈവറും ഗോവയിൽ.
പോലീസിന്റെ സാന്നിദ്ധ്യം മണത്തറിഞ്ഞ് ചെന്നൈയില്‍നിന്നും മംഗലാപുരത്തേക്ക് മുങ്ങിയ ഇരുവരും ഇപ്പോള്‍ ഗോവയിലെത്തിയതായാണ് പോലീസിന് വിവരം ലഭിച്ചത്.
കഴിഞ്ഞ സെപ്തംബര്‍ നാലിന് ഉച്ചയോടെ 20 പവനോളം വരുന്ന ആഭരണങ്ങളും അഞ്ചുവയസുള്ള മകനുമായി ആംബുലന്‍സ് ഡ്രൈവറോടൊപ്പം സ്ഥലംവിട്ട പയ്യന്നൂരിലെ നഴ്സിംഗ് സൂപ്രണ്ടായ 38-കാരിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ പയ്യന്നൂര്‍ പോലീസ് ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ എത്തിയിരുന്നു.
തമിഴ്നാട്ടിലെ ചിദംബരം അണ്ണാമലൈയിലെ എടിഎമ്മില്‍നിന്നും യുവതിയുടെ അക്കൗണ്ടിലെ പണം പിന്‍വലിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണ സംഘം അണ്ണാമലൈയിലും ചെന്നൈയിലുമെത്തിയത്.
പക്ഷേ അപ്പോഴേക്കും ഇരുവരും പോലീസിനെ വെട്ടിച്ച് മംഗലാപുരം സൂറത്കല്ലിലെത്തിയിരുന്നു. ആംബുലന്‍സ് ഡ്രൈവറുടെ സ്കോര്‍പ്പിയോ കാറിലാണ് കമിതാക്കള്‍ ചെന്നൈയില്‍നിന്നും മംഗലാപുരത്തേക്ക് കടന്നത്.
ഇപ്പോള്‍ ഉടുപ്പിയിലും ഗോവയിലുമായി മാറിമാറി കാറില്‍ കറങ്ങിനടക്കുന്നതായാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്.
പയ്യന്നൂര്‍ നിന്നും കാണാതാകുമ്പോള്‍ എടുത്തിരുന്ന 20 പവനോളം സ്വര്‍ണ്ണത്തിന് പുറമെ അക്കൗണ്ടില്‍ രണ്ടര ലക്ഷത്തോളം രൂപയുമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.