ദുബായ്: പരീക്ഷാപ്പേടിയിൽ ഷാർജയിൽനിന്ന് ഒളിച്ചോടിയ മലയാളി ബാലനെ ദുബായിൽ കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് നാലോടെ ലാ മെറിൽനിന്നാണ് അമേയ സന്തോഷിനെ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും പേടിക്കാനില്ലെന്നു കുടുംബസുഹൃത്ത് ലേഖ മേനോൻ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ സ്വീകരിക്കുന്നതിനായി കുടുംബം ലാ മെറിലേക്കു പോകുകയാണ്.
ഷാർജയിലെ അബു ഷഗാറയിലുള്ള തൃശൂർ സ്വദേശികളുടെ മകനാണ് അമേയ. വെള്ളിയാഴ്ച മുതലാണു പത്താം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കാണാതായത്. ഷാർജ ഡിപിഎസ് പത്താം ക്ലാസ് വിദ്യാർഥിയായ അമേയയെ, വെള്ളിയാഴ്ച രാവിലെ ട്യൂഷൻ സെന്ററിനടുത്ത് മാതാപിതാക്കൾ ഇറക്കിവിട്ടതാണ്. എന്നാൽ, കുട്ടി ട്യൂഷൻ സെന്ററിൽ പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടില്ല. അമേയ ക്ലാസിലെത്തിയില്ലെന്ന് അധ്യാപകനും പറഞ്ഞു.
ഇതിനുശേഷം കുട്ടി മാതാപിതാക്കളെയോ കൂട്ടുകാരെയോ അധ്യാപകരെയോ ബന്ധപ്പെട്ടിട്ടില്ല. ഇതോടെ കുടുംബം പോലീസിൽ പരാതി നൽകി. കുട്ടിക്കായി വ്യാപകമായി തെരച്ചിൽ നടത്തിവരികയായിരുന്നു. അടുത്തു വരുന്ന സിബിഎസ്ഇ പൊതു പരീക്ഷ സംബന്ധിച്ച് കുട്ടിക്കു ഭയവും സമ്മർദവുമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതാണ് ഒളിച്ചോടാൻ കാരണമായതെന്നാണു പ്രാഥമിക നിഗമനം.