പൊന്‍കുന്നം: വിവാഹവസ്ത്രം അണിഞ്ഞ യുവതി കാമുകനൊപ്പം നാടുവിട്ടു. പൊന്‍കുന്നം എസ്എന്‍ഡിപി യോഗം ഹാളില്‍ ഇന്നലെ രാവിലെ 11നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പൊന്‍കുന്നം പാട്ടുപാറയിലുള്ള യുവതി പിതാവിനും സഹോദരനും ഒപ്പം രാവിലെ 10ന് പുതിയകാവ് ദേവീക്ഷേത്രത്തിലെത്തിയിരുന്നു. പിതാവിനെ പൂക്കടയില്‍ പറഞ്ഞുവിട്ട് യുവതിയും സഹോദരനും ക്ഷേത്രത്തില്‍ കയറി ഇറങ്ങിയശേഷം 100 രൂപ കൊടുത്തു സഹോദരനെ ജൗളിക്കടയില്‍ തൂവാല വാങ്ങാന്‍ പറഞ്ഞയച്ചു.
പൂക്കടയില്‍ പോയ പിതാവും തൂവാല വാങ്ങാന്‍ പോയ സഹോദരനും തിരിച്ചെത്തിയപ്പോള്‍ വിവാഹവസ്ത്രം അണിഞ്ഞ യുവതിയെ ക്ഷേത്രത്തിന്റെ പരിസരത്ത് കണ്ടില്ല. പതിനൊന്നായതോടെ വരനും കൂട്ടരും വിവാഹപ്പന്തലില്‍ എത്തി വധുവിനെ കാത്തിരുന്നു. വധു എത്താതിരുന്നതിനാല്‍ വിവാഹം മുടങ്ങി. വധുവിന്റെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ സ്ത്രീധനം ഒന്നും വാങ്ങാതെ കല്യാണ സാരിയും ചെരുപ്പും വരന്റെ കൂട്ടര്‍ രണ്ടുദിവസം മുമ്പേ വാങ്ങിച്ചു നല്‍കിയിരുന്നു. ഇതും ധരിച്ചാണ് യുവതി കാമുകനൊപ്പം പോയത്.
നേരത്തെ വിവാഹിതയായ യുവതി വിവാഹബന്ധം വേര്‍പെട്ട് വീട്ടില്‍ നില്‍ക്കുകയായിരുന്നു. പൊന്‍കുന്നം ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി നോക്കുന്ന യുവതി അതേ കെട്ടിടത്തിലുള്ള മറ്റൊരു സ്ഥാപനത്തിലെ ജോലിക്കാരനുമായിട്ടാണ് കടന്നതത്രേ. വരന്റെ ബന്ധുക്കള്‍ പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കി. എസ്‌ഐ എ.സി. മനോജ്കുമാറിന്റെ നേതൃത്വത്തില്‍ ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ എത്തി അന്വേഷണം നടത്തി.