മട്ടന്നൂർ: മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയായ പെൺകുട്ടികൾ ഒളിച്ചോടുന്നത് വ്യാപകമാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് പേരാണ് ഒളിച്ചോടിയത്.
സോഷ്യൽ മീഡിയ വഴി പരിചയത്തിലായവരുമായാണ് കൂടുതൽ പെൺകുട്ടികൾ ഒളിച്ചോടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 21, 20, 26 വയസുള്ളവരാണ് ഒളിച്ചോടിയത്. മൂന്ന് പേരെയും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
സോഷ്യൽ മീഡിയയിലുടെ പരിചയത്തിലായ 21 കാരിയെ തമിഴ്നാട്ടിൽ നിന്നും വിവാഹിതയായ 26കാരിയായ യുവതിയെ പാലക്കാട് വച്ചുമാണ് പോലീസ് കണ്ടെത്തിയത്. ഫെയ്സ്ബുക്കിലെ പരിചയത്തിലായ യുവാവിനെ കാണാൻ യുവതി 6 വയസുള്ള കുട്ടിയുമായി പാലക്കാട് പോകുകയായിരുന്നു.
യുവതികളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ ഉടൻ തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയതിനെ തുടർന്നാണ് യുവതികളെ കണ്ടെത്താനായത്.
കണ്ടെത്തിയ യുവതികളെ പോലീസ് കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം പോകുകയായിരുന്നു. കഴിഞ്ഞ ദിവസം മലയോര മേഖലയിലെ ഒരു യുവതിയെ രാത്രിയിൽ കാണാതാവുകയും അർധരാത്രി വീട്ടിൽ തിരിച്ചെത്തിയതായും സംഭവമുണ്ടായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച യുവതിയെയും യുവാവിനെയും കാണാനില്ലെന്ന് കാണിച്ചു ഇരുവരുടെയും ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
യുവതിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം യുവതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നു യുവതി ബന്ധുക്കൾക്കൊപ്പം പോകുകയായിരുന്നു.