വൈക്കം: രണ്ടു മക്കളുള്ള പഴയ കാമുകിയുമായി അവിവാഹിതനായ യുവാവ് നാടുവിട്ടു. ഇരുവരേയും തേടി പോലീസ് എത്തിയതോടെ കഥ മാറി. യുവാവിന്റെ നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം മുടങ്ങുകമാത്രമല്ല, തിരിച്ചെത്തിയ വീട്ടമ്മയെ ഭർത്താവും കൈയൊഴിയുകയും ചെയ്തു.
വൈക്കത്തെ ഉൾപ്രദേശത്തു താമസിക്കുന്ന യുവാവിന്റെ ഭാര്യയാണ് 12 വർഷങ്ങൾക്കു മുന്പ് പ്രണയിച്ചിരുന്ന ആദ്യ കാമുകനുമായി ഒളിച്ചോടിയത്.
കാമുകനുമായി വീണ്ടും അടുപ്പത്തിലായതോടെ 11 ഉം എട്ടും വയസ് പ്രായമുള്ള മക്കളെ ഉപേക്ഷിച്ചാണ് വീട്ടമ്മ കടന്നുകളഞ്ഞത്.
ചേർത്തലയിലെ വിപ്ലവാഭിമുഖ്യമുള്ള പ്രദേശവാസിയായ യുവതി ഒരേ സമയം നാട്ടിലുള്ളയാളെയും വൈക്കത്തുള്ള യുവാവിനേയും പ്രണയിച്ചു.
ഒടുവിൽ നാട്ടുകാരനെ തഴഞ്ഞ് വൈക്കത്തുള്ള യുവാവിനെ വിവാഹം കഴിച്ചു. ഒരു വ്യാഴവട്ടക്കാലമായി പ്രണയത്തെത്തുടർന്നുള്ള കദന ഭാരത്താൽ വിവാഹം വേണ്ടെന്നുവച്ചു ജീവിതം തള്ളിനീക്കിയ യുവാവിനു കച്ചി തുരുന്പായി മറ്റൊരു പ്രണയം ലഭിച്ചു.
പഴയതിലും മികച്ച ചുറ്റുപാടുള്ള യുവതിയെ വിവാഹം കഴിക്കുന്നതോടെ യുവാവ് ഒരു കരപറ്റുമെന്ന നിലയിലായപ്പോഴാണ് പഴയ കാമുകി ആശിർവാദം നൽകാനെത്തിയത്. പഴയ കാലത്തെ മധുര സ്മരണകൾ വീണ്ടുമോർത്തെടുത്തപ്പോൾ യുവതി രണ്ടു മക്കളേയും ഭർത്താവിനേയും മറന്ന് പഴയ കാമുകിയായി.
ഏതാനും ദിവസങ്ങൾക്കകം വിവാഹം കഴിക്കേണ്ട യുവതിയെ മറന്ന്, പഴയ കൂട്ടുകാരിക്കൊപ്പം ജീവിതം സ്വപ്നം കണ്ടിരുന്ന നാളുകൾ യുവാവിന്റെ മനസിലൂടെ വീണ്ടും മിന്നിമറഞ്ഞു.
പരസ്പരം ദുഃഖങ്ങൾ പങ്കുവച്ചു ആശ്വസിച്ചതോടെ യുവതി ഇനി ഭർത്താവിന്റെ വീട്ടിലേക്കില്ലെന്നു തീരുമാനിച്ചു.ഒരിക്കൽ കൈവിട്ടു പോയ പ്രണയം വീണ്ടും നഷ്ടപ്പെടരുതെന്നു കരുതി യുവാവും യുവതിയുടെ അഭിപ്രായത്തോടു യോജിച്ചു.
പിന്നീട് ഇരുവരും ഏതാനും ദിവസങ്ങൾ പലയിടങ്ങളിലായി താമസിച്ചു വരികയായിരുന്നു.ഭർത്താവിന്റെ പരാതിയിൽ കമിതാക്കളെ തേടി ഒടുവിൽ പോലീസെത്തിയതോടെ സംഭവങ്ങൾ മാറിമറിഞ്ഞു.
വീട്ടിൽ തിരിച്ചെത്തിച്ചെങ്കിലും ഭർത്താവ് യുവതിയെ സ്വീകരിച്ചില്ല. യുവാവിന്റെ കഥ പുറത്തറിഞ്ഞതോടെ രണ്ടാഴ്ച കഴിഞ്ഞു നടത്താനുറപ്പിച്ചിരുന്ന കല്യാണവും മുടങ്ങി.
ബന്ധുക്കളുടെ എതിർപ്പിനെ പോലും അവഗണിച്ചു വിപ്ലവത്തിന്റെ നാട്ടിലെ യുവാവിനെ തന്നെ വേണമെന്ന് നിർബന്ധം പിടിച്ച യുവതി പ്രതിശ്രുതവരന്റെ പൂർവാശ്രമ കഥ അറിഞ്ഞതോടെ തകർന്നു പോയി.
എങ്കിലും കഴുത്തിൽ ചരടു മുറുകിയതിനു ശേഷം ഈ സംഭവങ്ങൾ അറിയാൻ ഇടയാക്കാതിരിന്നതിനു ഇഷ്ട ദേവതയ്ക്കു പൊങ്കാല അർപ്പിച്ചാണ് യുവതി ആശ്വാസം കണ്ടെത്തിയത്.