പോലീസിന്റെ എടിഎം തന്ത്രം ഫലിച്ചു; കുഞ്ഞിനേയും കൊണ്ട് നാടുവിട്ട നേഴ്‌സും കാമുകനും കുടുങ്ങി; ലോഡ്ജില്‍ നിന്ന് പൊക്കിയപ്പോള്‍ ഒപ്പം അമ്മയും

Nurse

തളിപ്പറമ്പ്: രോഗിയുടെ കൂട്ടിരിപ്പുകാരന്റെ പ്രലോഭനങ്ങളില്‍ വീണ് അയാളോടൊപ്പം നാടുവിട്ട പരിയാരം മെഡിക്കല്‍ കോളജിലെ നഴ്‌സിനേയും രണ്ടര വയസുകാരിയായ മകളേയും കര്‍ണാടകയിലെ ചിക്മംഗളൂരുവില്‍ നിന്നും തളിപ്പറമ്പ് സിഐ കെ. ഇ. പ്രേമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സ്വദേശിയേയും ഇയാളുടെ കാന്‍സര്‍ രോഗിയായ അമ്മയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മയെ താത്കാലികമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജിലെ നഴ്‌സായ കുമ്പളപ്പാറ സ്വദേശിനിയാണ് കരുനാഗപ്പള്ളി സ്വദേശിയുടെ കൂടെ കുഞ്ഞിനേയും കൊണ്ട് നാടുവിട്ടത്. മകളെ ദന്തഡോക്ടറെ കാണിക്കാനെന്നു പറഞ്ഞാണ് യുവതി കഴിഞ്ഞ മാസം എട്ടിന് വീടുവിട്ടിറങ്ങിയത്.

ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പരിയാരം പോലീസ് അന്വേഷിച്ചുവരികയായിരുന്നു. യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് സിഐ പ്രേമചന്ദ്രന്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇവരാരും മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യാതിരുന്നത് കാരണം സ്ഥലം കണ്ടെത്താന്‍ പോലീസിനായില്ല. കഴിഞ്ഞ ദിവസം യുവതിയുടെ അക്കൗണ്ടില്‍ നിന്നും എടിഎം വഴി ആകെയുണ്ടായിരുന്ന 500 രൂപ യുവാവ് പിന്‍വലിച്ചതോടെയാണ് പോലീസിന് ഇവര്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുണ്ടെന്ന് വ്യക്തമായത്. സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചിത്രദുര്‍ഗയിലെത്തുകയും മെഡിക്കല്‍ കോളജ് അധികൃതരെക്കൊണ്ട് യുവതിയുടെ ശമ്പള അക്കൗണ്ടില്‍ പണം നിക്ഷേപിപ്പിക്കുകയും ചെയ്തു. ഈ പണം പിന്‍വലിക്കാനെത്തിയ യുവാവിനെ പോലീസ് പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ചിക്മംഗളൂരിവിലെ ലോഡ്ജില്‍ കഴിയുകയായിരുന്ന യുവതിയേയും കുഞ്ഞിനേയും യുവാവിന്റെ അമ്മയേയും പോലീസ്  കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പിലെത്തിക്കുകയായിരുന്നു. യുവതിയുടെ എട്ട് പവനോളം സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ വില്പന ചെയ്തിരുന്നു.

അമ്മയ്ക്ക് കാന്‍സര്‍ ബാധിച്ചതോടെ ചികിത്സക്കായി കേരളത്തിലും പുറത്തുമുള്ള വിവിധ ആശുപത്രികളില്‍ ചികിത്സക്കെത്തിയ യുവാവ് ഇവിടങ്ങളിലെല്ലാം പരിചയപ്പെട്ടവരില്‍ നിന്ന് പണം കടം വാങ്ങിയും മോഷണം നടത്തിയും മുങ്ങാറാണ് പതിവെന്ന് പോലീസ് പറഞ്ഞു. നിരവധി പേരെ ഇയാള്‍ വഞ്ചിച്ചതായി പരാതിയുണ്ട്. ഇയാളുടെ തനിനിറം തിരിച്ചറിഞ്ഞ യുവതി രക്ഷപ്പെടാനുള്ള വഴി തേടിക്കൊണ്ടിരിക്കെയാണ് പോലീസ് എത്തിയത്. യുവതിയെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. യുവാവിനെ കൂടുതലായി ചോദ്യം ചെയ്തു വരികയാണ്. വിവിധ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിെരെയുള്ള കേസുകള്‍ പോലിസ് പരിശോധിച്ചു വരികയാണ്. യുവതിയുടെ ഒളിച്ചോട്ടം സംബന്ധിച്ച് നാട്ടില്‍ നിറംപിടിപ്പിച്ച നിരവധി കഥകള്‍ പ്രചരിച്ചു കൊണ്ടിരിക്കെ ഇവരെ കണ്ടെത്തിയത് നാട്ടുകാര്‍ക്കും പോലീസിനും ആശ്വാസമായി.

Related posts