പത്തനംതിട്ട: നഗരത്തിലെ സ്കൂളിൽ നിന്നും പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആന്ധ്ര തിരുപ്പതി സ്വദേശി റഹ്മത്തുല്ല(27)യെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
നഗരത്തിലെ സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെയും പെൺകുട്ടിയെയും തിരുപ്പതിയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പീഡനത്തിനിരയായതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, പ്രതിയുടെ കുടുംബം വർഷങ്ങളായി പെൺകുട്ടിയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. വാക്കത്തിക്ക് മൂർച്ച കൂട്ടുന്ന ജോലിയായിരുന്നു പ്രതിക്ക്. ഇതിനിടെ, പെൺകുട്ടിയും പ്രതിയും തമ്മിലടുത്തു. പ്രതി താമസിച്ചിരുന്ന വീട്ടിൽ നിന്ന് പെൺകുട്ടി ഇറങ്ങി വരുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് ബന്ധുക്കളെ അറിയിച്ചതിനേത്തുടർന്ന് പ്രതിയെ പിതാവ് തിരുപ്പതിയിലേക്കു പറഞ്ഞു വിട്ടു. പിന്നീട് ഇരുവരും തമ്മിൽ ഫോണിലൂടെ പ്രണയബന്ധം തുടർന്നു.
കഴിഞ്ഞ ദിവസം പ്ലസ് ടു പരീക്ഷ കഴിഞ്ഞ പെൺകുട്ടിയെ പ്രതി തിരുപ്പതിയിലേക്കു കടത്തിക്കൊണ്ടുപോകുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പിടികൂടിയത്.എസ്ഐമാരായ ജി. പുഷ്പകുമാർ, ജോബി ജോർജ്, എഎസ്ഐ എസ്. ഷിബു, സിപിഒ ഹരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.