കാസർഗോഡ്: വീട്ടിലെ ഗ്യാസ് കണക്ഷനെച്ചൊല്ലി ഗള്‍ഫിലുള്ള ഭര്‍ത്താവുമായി പിണങ്ങി മൂന്നു മക്കളെ ഉപേക്ഷിച്ച് വീടുവിട്ട യുവതിയെ ബംഗളൂരുവിലെ ഹോട്ടല്‍മുറിയില്‍ കണ്ടെത്തി.
കുടക് സ്വദേശിയായ 25 കാരനൊപ്പമാണ് യുവതി ബംഗളൂരുവിലെത്തിയത്. എന്നാല്‍ ഭര്‍ത്താവിന്റെ അകന്ന ബന്ധുവായ യുവാവ് തന്ത്രപൂര്‍വം ഇവരെ ഹോട്ടല്മുറിയിലാക്കി സ്ഥലംവിടുകയായിരുന്നു.
കഴിഞ്ഞ 17 നാണ് യുവതിയെ വീട്ടില്‍ നിന്നു കാണാതായത്.
പടന്നയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതായി പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. നേരം വൈകിയിട്ടും തിരിച്ചെത്താതായതോടെ അവിടെ ബന്ധപ്പെട്ടപ്പോഴാണ് അവിടെ എത്തിയില്ലെന്ന വിവരം ലഭിച്ചത്.
ഗള്‍ഫിലുള്ള ഭര്‍ത്താവ് ഫോണില്‍ വിളിച്ചപ്പോള്‍ ഗ്യാസ് കണക്ഷനെച്ചൊല്ലി വഴക്കിട്ടിരുന്ന കാര്യം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞിരുന്നു. യുവതിയെ കാണാതായതോടെ പരിഭ്രാന്തിയിലായ ഇവര്‍ പോലീസില്‍ പരാതി നല്കി.
യുവതിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിന്റെ അകന്ന ബന്ധുവായ കുടക് സ്വദേശിയായ യുവാവുമായി ഇവര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞത്.
ഇതോടെ ബേക്കല്‍ പോലീസ് ഈ യുവാവിനെ നേരിട്ടു വിളിച്ചു. എന്നാല്‍ സംശയലേശമന്യേ യുവതി തനിക്കൊപ്പമില്ലെന്ന മറുപടിയാണ് ലഭിച്ചത്. യുവതിയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു.
ഇതോടെ അന്വേഷണം അക്ഷരാര്‍ഥത്തില്‍ വഴിമുട്ടി.രണ്ടുദിവസത്തിനു ശേഷം ബംഗളൂരു മെജസ്റ്റിക്കിന് സമീപം കെ ആര് മാര്‍ക്കറ്റിലുള്ള ഹോട്ടലിന്റെ ഉടമയായ കണ്ണൂര്‍ സ്വദേശി യുവതിയുടെ വീട്ടിലേക്കു വിളിച്ചപ്പോഴാണ് ആശ്വാസത്തിന്റെ ആൻഡിക്ലൈമാക്സ് ഉണ്ടായത്.
മൂന്നു ദിവസമായി ഹോട്ടല്‍ മുറിയില്‍ തങ്ങളുടെ സംരക്ഷണയിലാണ് യുവതി ഉള്ളതെന്നായിരുന്നു ഇദ്ദേഹം നല്കിയ വിവരം. യുവതിയെ ഹോട്ടല്‍മുറിയില്‍ എത്തിച്ച കുടക് സ്വദേശിയായ യുവാവ് ഇവരുടെ യഥാര്‍ഥ വിലാസവും വീട്ടിലെ ഫോണ്‍ നമ്പറുമടക്കമുള്ള വിവരങ്ങള്‍ തന്നെ ഹോട്ടല്‍ റിസപ്ഷനില്‍ നല്കി കടന്നുകളയുകയായിരുന്നു.
സ്വന്തം ഫോണ്‍ നമ്പറോ വിവരങ്ങളോ നല്‍കിയതുമില്ല.വീടുവിട്ടിറങ്ങുമ്പോള് യുവതി കൈയില്‍ കരുതിയിരുന്ന 90,000 രൂപയില്‍ മുപ്പതിനായിരത്തോളം യാത്രയ്ക്കിടയില്‍ ചെലവായിരുന്നു. അവശേഷിച്ച 60000 രൂപയും ഇയാള്‍ കൊണ്ടുപോയി.
മൂന്നുദിവസമായിട്ടും ഇയാളെക്കുറിച്ച് വിവരമില്ലാതായതോടെയാണ് ഹോട്ടലുടമ യുവതിയുടെ നാട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചത്. ബേക്കല്‍ പോലീസ് ബംഗളൂരുവില്‍ എത്തിയപ്പോഴും ഈ യുവാവുമായി തനിക്ക് പരിധിയില്‍ കവിഞ്ഞ അടുപ്പമൊന്നുമില്ലെന്ന നിലപാടാണ് യുവതി കൈക്കൊണ്ടത്.
യുവാവിനെ തള്ളിപ്പറയാനും തയാറായില്ല. ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ താന്‍ ആവശ്യപ്പെട്ടതുപ്രകാരം തല്‍ക്കാലത്തേക്ക് മറ്റൊരു താമസസൗകര്യം ഒരുക്കിത്തരിക മാത്രമാണ് ബന്ധുവായ യുവാവ് ചെയ്തതെന്നാണ് ഇവര്‍ പോലീസിന് നല്കിയ മൊഴി.