കോഴിക്കോട് : യുവാവിനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതി പോലീസ് അന്വേഷണത്തിനൊടുവില്‍ കീഴടങ്ങി. കരുവിശേരി സ്വദേശിയും 13 ഉം എട്ടും വയസ് പ്രായമുള്ള കുട്ടികളുടെ അമ്മയുമായ 35 കാരിയാണ് മണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. ഇക്കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
കോഴിക്കോട് മിഠായിതെരുവിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. യുവതിയും ഭര്‍ത്താവും തമ്മില്‍ ചില പ്രശ്നങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇതേതുടര്‍ന്ന് യുവതി മണ്ണൂരിലുള്ള സ്വന്തം വീട്ടിലായിരുന്നു താമസം. അതിനിടെയാണ് ഇരുവരും പ്രണയത്തിലായത്.
കഴിഞ്ഞ ഒന്‍പതിന് യുവതിയെ കാണാനില്ലെന്ന് വ്യക്തമാക്കി അമ്മ ഫറോക്ക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മിസിംഗ് കേസ് രജസിറ്റര്‍ ചെയ്ത് അന്വേഷണത്തിനിടെ യുവതി മണ്ണൂരിലുള്ള യുവാവിനൊപ്പമാണ് പോയതെന്ന് ബോധ്യമായി.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചെന്നൈയിലുണ്ടെന്ന് കണ്ടെത്തി. ഫറോക്ക് പോലീസ് ചെന്നൈയില്‍ അന്വേഷിച്ചെങ്കിലും യുവതിയേയും യുവാവിനെയും കണ്ടെത്താന്‍ സാധിച്ചില്ല.
പോലീസ് തിരഞ്ഞെത്തിയ വിവരം അറിഞ്ഞ യുവതി ഇക്കഴിഞ്ഞ ദിവസം ഫറോക്ക് പോലീസില്‍ നേരിട്ട് ഹാജരാവുകയായിരുന്നു.
അതേസമയം യുവതി കുട്ടികളെ ഉപേക്ഷിച്ചു പോയതുമായി ബന്ധപ്പെട്ട് പോലീസ് ജുവൈനല്‍ ആക്ട് പ്രകാരം കേസെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവാവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടും അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.