വടകര: ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും ജയിലിലായി. മീത്തലെ മുക്കാളി പിലാക്കണ്ടി ഷീബ(44), കാമുകൻ കണ്ണൂർ വടക്കുന്പാട് സുജിത്ത് (48) എന്നിവരെയാണ് ബന്ധുക്കളുടെ പരാതിപ്രകാരം ചോന്പാല പോലീസ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരേയും കോടതി രണ്ടാഴ്ച റിമാന്റ് ചെയ്തു.
17, 13 വയസുള്ള രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് ഷീബ. കാമുകൻ സുജിത്തിന് മൂന്നും അഞ്ചും വയസുള്ള മക്കളുണ്ട്. മാഹി മൂലക്കടവിൽ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന ഷീബയും ബസ് ഡ്രൈവറായ സുജിത്തും ദിവസങ്ങൾക്കു മുന്‍പാണ് ഒളിച്ചോടി വിവാഹിതരായത്. ഇതു സംബന്ധിച്ചു ഷീബയുടെ വീട്ടുകാർ പരാതിപ്പെട്ടതോടെയാണ് ചോന്പാല പോലീസ് കേസെടുത്തത്.
പോലീസ് നിർദേശിച്ചതുപ്രകാരം സ്റ്റേഷനിലെത്തിയ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട്പ്രകാരം മക്കളെ സംരക്ഷിക്കാതെ പോയതിനാണ് ഷീബയുടെ പേരിൽ പോലീസ് കേസെടുത്തത്. സുജിത്തിന്റെ പേരിൽ പ്രേരണാകുറ്റവും ചുമത്തി.