പഴയന്നൂർ: കുട്ടികളെ ഉപേക്ഷിച്ച് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോയ യുവതിയെ പഴയന്നൂർ പോലീസ് അറസ്റ്റു ചെയ്തു.കുന്പളക്കോട് സ്വദേശിനിയെയാണ് ബാലനീതി നിയമപ്രകാരം അറസ്റ്റു ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.
പത്തും ഏഴും വയസുള്ള കുട്ടികളുടെ അമ്മയായ യുവതി കണ്ണൂർ സ്വദേശിയായ യുവാവിനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. 23കാരിയായ അവിവാഹിതയാണെന്നാണ് ഇയാളെ അറിയിച്ചത്. പരിചയം പിന്നീടു പ്രണയ മായി. വീട്ടുകാർ വിവാഹം ആലോചിക്കുന്നതിനാൽ എത്രയും വേഗം വിവാഹം നടത്തണമെന്നും യുവതി കാമുകനോടു പറഞ്ഞത്രേ.
അതനുസരിച്ച് കഴിഞ്ഞയാഴ്ചയാണ് യുവതി കാമുകനോടൊപ്പം കണ്ണൂരിലേക്ക് പോയത്. യുവതിയെ കാണാനില്ലെന്നു കാണിച്ച് ഭർതൃവീട്ടുകാർ പഴയന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പോലീസ് കസ്റ്റഡിയിലായത്.