ചങ്ങരംകുളം: രണ്ടു മാസം മുന്‍പ് എടപ്പാളിൽ നിന്നു കാണാതായ യുവതിയെയും കുഞ്ഞിനെയും തമിഴ്നാട്ടിലെ കുംഭകോണത്ത് കണ്ടെത്തി. ഡോക്ടറെ കാണാനെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഇരുപത്തിരണ്ടുകാരിയായ യുവതിയെയും രണ്ടു വയസുള്ള മകനെയുമാണ് കാണാതായത്.
തുടർന്നു ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തഞ്ചാവൂർ കുംഭകോണത്ത് വച്ച് കാസർഗോഡ് സ്വദേശിയായ യുവാവിനൊപ്പം യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്.
മൂന്നു ദിവസം മാത്രം ഷെയർ ചാറ്റ് ചെയ്ത് പരിചയപ്പെട്ട കാസർഗോഡ് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയതാണെന്നു യുവതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തഞ്ചാവൂരിൽ മൂവരും ഉണ്ടെന്നറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരൂർ ഡിവൈഎസ്പി ബിജുഭാസ്കറുടെ നേതൃത്വത്തിൽ ചങ്ങരംകുളം എസ്ഐ മനോജ്കുമാർ ആണ് അന്വേഷണം നടത്തിയിരുന്നത്. അഡീഷണൽ എസ്ഐ ബാബുരാജ്, എസ്സിപിഒ കുഞ്ഞിപ്പ, സിപിഒമാരായ രാജേഷ്, ശ്രീജിത്ത്, വിവേക്, അരുണ്‍, ആൻസി എന്നിവർ ചേർന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്നു കോടതിയിൽ ഹാജരാക്കും.