ചെറായി: ദന്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം ബേക്കറി സ്റ്റോപ്പിനു പടിഞ്ഞാറ് കണ്ടോംന്തറ രാധാകൃഷ്ണൻ (50) ഭാര്യ അനിത (45) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 8.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ഒരു സാരിയുടെ രണ്ട് തലക്കലായി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഏകമകൾ ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ ഇറങ്ങിപ്പോയതിലെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്നാണ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കിയ മുനന്പം പോലീസ് പറയുന്നത്.
ഇന്നലെയാണ് മകൾ പോയത്. തുടർന്ന് ഒരു ബന്ധുവിനെ വിളിച്ചു മകൾ വിവരം അറിയിച്ചിരുന്നു. ഈ ബന്ധു പിന്നീട് മാതാപിതാക്കളെ വിവരം അറിയിച്ചപ്പോൾ ഇനി ഞങ്ങൾ ഉണ്ടാവില്ലെന്ന് പറയുകയും ചെയ്തത്രേ.
ഇതേ തുടർന്നു വിവരമറിഞ്ഞ് വൈകുന്നേരം ആറോടെ മറ്റൊരു ബന്ധു വീട്ടിൽ വന്ന് നോക്കിയെങ്കിലും വീട് അടച്ചിട്ടിരിക്കുന്നതിനാൽ തിരികെ പോയി.
എന്നാൽ രാത്രിയായിട്ടും ആരെയും കാണാതെ വന്നപ്പോൾ വീടിനുള്ളിൽ നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നീട് മുനന്പം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.