ചേർത്തല: സ്വകാര്യ സ്കൂളിലെ അധ്യാപികയെയും പത്താം ക്ലാസ് വിദ്യാർഥിയെയും കാണാതായ സംഭവത്തിൽ രണ്ട് സംഘങ്ങളായി പോലീസ് തമിഴ്നാട്ടിൽ തെരച്ചിൽ ആരംഭിച്ചു. ഇരുവരും സംസ്ഥാനം വിട്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചത്.
വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പോലീസ് നിരീക്ഷിക്കുന്നത്. കന്യാകുമാരി കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയ മുഹമ്മ എസ്ഐ എം.അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘം മധുരയിലേക്ക് തിരിച്ചു. ചേർത്തല എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഉൗട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കാണ് പോയത്.
വിദ്യാർഥിയുടെയും അധ്യാപികയുടെയും മൊബൈൽഫോണ്‍ സ്വിച്ച്ഓഫ് ആണ്. ഇരുവരുടെയും ബന്ധുക്കളുടെ ഫോണുകൾ പോലീസ് നിരീക്ഷണത്തിലാണ്. തണ്ണീർമുക്കം സ്വദേശിയായ വിദ്യാർഥിയെയും ചേർത്തല സ്വദേശിനിയായ നാൽപതുകാരിയായ അധ്യാപികയെയും ഞായറാഴ്ചയാണ് കാണാതായത്.