പയ്യന്നൂര്‍(കണ്ണൂർ): മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ ഒരു നിമിഷം ഓര്‍ക്കുക. ഉപേക്ഷിക്കപ്പെടുന്ന മക്കളുടെ സംരക്ഷണത്തിനായി നിയമം അരയും തലയും മുറുക്കി രംഗത്തെത്തിക്കഴിഞ്ഞു. ഇതോടെ ഒളിച്ചോട്ടത്തെ തുടര്‍ന്ന് ഇവര്‍ സ്വപ്നം കാണുന്ന പുതിയ “ഹണിമൂണ്‍’ ദിവസങ്ങള്‍ ഇരുമ്പഴിക്കുള്ളിലായിരിക്കും ചെലവഴിക്കേണ്ടി വരിക.
മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഉപേക്ഷിക്കപ്പെടുന്ന മക്കളുടെ സംരക്ഷണത്തിനായി നിയമം കര്‍ശനമാക്കാനുള്ള തീരുമാനമായത്.
ജില്ലാ ജഡ്ജിയും ജില്ലയിലെ പോലീസുദ്യോഗസ്ഥരും ചേര്‍ന്നുള്ള യോഗത്തിലാണ് ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ കണ്ണീരൊപ്പാനുള്ള തീരുമാനമുണ്ടായത്. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ളവര് സ്വന്തം സുഖങ്ങള്‍ തേടി ഒളിച്ചോടുമ്പോള്‍ കുഞ്ഞുങ്ങളുടെ അവകാശങ്ങളാണ് ചവിട്ടി മെതിക്കപ്പെടുന്നത്. ഇത്തരത്തില്‍ നിരവധി കുട്ടികളുടെ ഭാവിയാണ് ചോദ്യം ചെയ്യപ്പെടുന്നതും വഴിയാധാരമാകുന്നതും.
ഇത്തരം സാഹചര്യങ്ങളില്‍പ്പെടുന്ന കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒളിച്ചോട്ടക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനുള്ള തീരുമാനമുണ്ടായത്. ഈ തീരുമാനമനുസരിച്ച് കര്‍ശന നടപടിയെടുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നല്‍കിയിട്ടുണ്ട്.
സാധാരണ ഗതിയില്‍ ഒളിച്ചോട്ടക്കാരെ പിടികൂടി കോടതിയില്‍ ഹാജരാക്കുമ്പോള്‍ അവരുടെ താല്പര്യമനുസരിച്ച് പോകാനായി കോടതികള്‍ അനുവദിക്കുകയാണ് പതിവ്. എന്നാല്‍ മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടമാണെങ്കില്‍ ഇനിമുതല്‍ ഇവര്പോകേണ്ടി വരിക നേരെ ജയിലിലേക്കാണ്. അതിനാല്‍ ഒളിച്ചോട്ടക്കാരേ ജാഗ്രതൈ. മക്കളെ മറന്നുള്ള കളിവേണ്ട.