തൃശൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ ഒളിച്ചോട്ടവും കടത്തിക്കൊണ്ടുപോകലും സംസ്ഥാനത്തു വർധിക്കുന്നു.
സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഈ വർഷം ജനുവരി മുതൽ ഒക്ടോബർവരെയുള്ള പത്തുമാസത്തിനുള്ളിൽ സംസ്ഥാനത്തു 121 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഇടുക്കി മുന്നിൽ
ഇടുക്കി, തൃശൂർ, കാസർഗോഡ്, കൊല്ലം ജില്ലകളിലാണ് കൂടുതൽ ഒളിച്ചോട്ടങ്ങൾ. ഇടുക്കിയാണ് മുന്നിൽ 28. തൊട്ടുപിന്നിൽ 23 കേസുകളുമായി തൃശൂരുമുണ്ട്.
ഒളിച്ചോട്ടം നടത്തുന്ന പെണ്‍കുട്ടികളിൽ കൂടുതലും 15-16 വയസ് പ്രായമുള്ളവരാണ്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി പോലുള്ള ജില്ലകളിലാണ് കൂടുതൽ പെണ്‍കുട്ടികൾ പോകുന്നത്.
ഒളിച്ചോടുന്നവരിൽ ഭൂരിഭാഗവും വിവാഹത്തിൽ ഏർപ്പെടുന്നതായും, കുറ്റകരമായതിനാൽ പോക്സോ കേസുകൾ എടുക്കുന്നുണ്ടെന്നും പോലീസ് ഓഫീസർമാർ പറഞ്ഞു.
ഒത്തുതീർപ്പ് കൂടുതൽ
കൂടുതൽ ഒളിച്ചോട്ടങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും പലതും കോടതിയിലേക്കെത്തുന്നതിനു മുമ്പുതന്നെ ബന്ധപ്പെട്ടവർ ഒത്തുതീർക്കുന്നതിനാൽ കണക്കിൽ വരുന്നില്ല.
ശൈശവ വിവാഹത്തിനു സമാനമായ രീതിയിൽ ഇടുക്കിയിലെ മറയൂർ, മൂന്നാർ, കുമളി തുടങ്ങിയ ഭാഗങ്ങളിൽനിന്നു പെണ്‍കുട്ടികളെ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നുണ്ട്.
പലതും മാതാപിതാക്കളുടെ സമ്മതത്തോടെയുമാണെന്നു പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
തമിഴ്നാട്ടിൽ ഇത്തരം കാര്യങ്ങളിൽ കാര്യമായ നടപടികളില്ലാത്തതിനാൽ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കുന്നുണ്ടെന്നാണു വിവരം.
രേഖാമൂലം വിവാഹബന്ധത്തിൽ ഏർപ്പെടില്ലെന്നതാണ് നിയമപരമായ നടപടികളിലേക്കു കടക്കാൻ തടസമാകുന്നത്.
തൃശൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടുതലും ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ ഒളിച്ചോട്ടമാണ്.
കാണാതാകുന്ന പെണ്‍കുട്ടികളെ പലപ്പോഴും പല സ്ഥലങ്ങളിൽനിന്നും പിടിച്ചുകൊണ്ടുവരുന്നുമുണ്ട്. അപ്പോഴും, കാണാനില്ലെന്ന പരാതി പിൻവലിച്ചു രക്ഷപ്പെടുകയാണ് പലരും ചെയ്യുന്നത്.
കേസുകളുടെ എണ്ണം രേഖകളിൽ കുറവു വരാൻ ഇതാണു കാരണമെന്നു പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംസ്ഥാനത്ത് ഒളിച്ചോട്ടത്തിനും തട്ടിക്കൊണ്ടുപോകലിനും ഒരു കേസു പോലും രജിസ്റ്റർ ചെയ്യാത്ത മൂന്നു ജില്ലകളുണ്ട്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളാണവ. റെയിൽവേ ഇത്തരത്തിലുള്ള മൂന്ന് ഒളിച്ചോട്ട കേസുകൾ പത്തു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2021 ജനുവരി മുതൽ ഒക്ടോബർ വരെ കേരളത്തിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ ഒളിച്ചോട്ടവും കടത്തിക്കൊണ്ടുപോകലും സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകൾ ജില്ലതിരിച്ച് താഴെ:
ഇടുക്കി 28
തൃശൂർ 23
കാസർഗോഡ് 21
കൊല്ലം 15
എറണാകുളം 14
കോഴിക്കോട് 06
കണ്ണൂർ 04
വയനാട് 03
പാലക്കാട് 03
മലപ്പുറം 02
തിരുവനന്തപുരം 02
പത്തനംതിട്ട 00
കോട്ടയം 00
ആലപ്പുഴ 00
– പോൾ മാത്യു