ബഗുസരി: ബിഹാറിൽ തൊഴിലുടമയുടെ ഭാര്യയുമായി കടന്ന യുവാവിനു നേരെ ആസിഡ് ആക്രമണം. കണ്ണിലേക്ക് ആസിഡ് കുത്തിവച്ചതിനെ തുടർന്ന് യുവാവിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. സമസ്തിപുർ സ്വദേശിയും ട്രാക്ടർ ഡ്രൈവറുമായ മുപ്പതുകാരനാണ് ആക്രമണത്തിനു ഇരയായത്.
ബഗുസരി ജില്ലയിലെ പിപ്ര ചൗക്കിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ബരൗണിയിൽ ട്രാക്ടർ ഡ്രൈവറായി ജോലിയെടുക്കുമ്പോഴാണ് യുവാവ് തൊഴിലുടമയുടെ ഭാര്യയുമായി അടുത്തത്. ഈ മാസം ഫെബ്രുവരി ആറിന് കാമുകിയുമായി യുവാവ് കടന്നു. ഇതോടെ യുവതിയുടെ ഭർത്താവ് ഭാര്യയെ കാണിനില്ലെന്ന് പോലീസിൽ പരാതി നൽകി. എന്നാൽ പത്തു ദിവസത്തിനു ശേഷം യുവതി കോടതിയിൽ ഹാജരായി കർഷകനായ ഭർത്താവിനൊപ്പം മടങ്ങി.
കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവിന്റെ സഹോദരൻ ട്രാക്ടർ ഡ്രൈവറെ ടെലിഫോണിൽ വിളിച്ചു. അവർക്ക് നിങ്ങൾക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും പോലീസ് സ്റ്റേഷനിലെത്തി കൂട്ടിക്കൊണ്ടുപോകണമെന്നും പറഞ്ഞു. ഇതനുസരിച്ച് എത്തിയ ട്രാക്ടർ ഡ്രൈവറെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഹനുമാൻചൗക്കിൽ ഉപേക്ഷിച്ച് ഇരുപതോളംവരുന്ന അക്രമി സംഘം കടന്നുകളഞ്ഞു. ട്രാക്ടർ ഡ്രൈവർ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.