എരുമേലി: ഈരാറ്റുപേട്ട സ്വദേശിയായ യുവാവും എരുമേലി സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉച്ചയോടെ നടക്കാനിരിക്കെ അതിരാവിലെ വധു അപ്രത്യക്ഷയായി. പറന്പിൽ ഒളിച്ചിരുന്ന വധുവിനെ കാമുകൻ നൽകിയ വിവരത്തെ തുടർന്ന് പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയപ്പോൾ ബന്ധുക്കൾക്കൊപ്പം പോകാനിഷ്ടമില്ലെന്ന് വധു.
ഒടുവിൽ കോടതി നിർദേശപ്രകാരം വധുവിനെ പോലീസ് കോട്ടയത്തെ തണൽ എന്ന കേന്ദ്രത്തിലാക്കി. ഇന്നലെ എരുമേലിയിലാണ് സംഭവം. വരന്റെയും വധുവിന്റെയും വീടുകളിൽ ഭക്ഷണമുണ്ടാക്കുകയും ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുക്കളും എത്തിക്കൊണ്ടിരിക്കുകയും ഓഡിറ്റോറിയത്തിൽ സദ്യ തയാറാകുന്പോഴുമാണ് വധുവിനെ വീട്ടിൽ നിന്നും കാണാതായത്.
തിരച്ചിൽ നടത്തി ഫലമില്ലാതായതോടെ വധുവിന്റെ വീട്ടുകാർ എരുമേലി പോലീസിൽ പരാതി നൽകുകയായിരുന്നു. നാട്ടിൽ തൊട്ടടുത്തുള്ള കോളജിൽ ഒപ്പം പഠിക്കുന്ന പ്രായപൂർത്തിയായിട്ടില്ലാത്ത വിദ്യാർഥിയുമായി പ്രണയത്തിലായിരുന്ന വധു ഇയാൾക്കൊപ്പം നാടുവിട്ടോയെന്ന സംശയത്തിൽ ഈ വിദ്യാർഥിയെ പോലീസ് ഫോണിൽ ബന്ധപ്പെട്ടു. അല്പം മുന്പ് വധുവായ കാമുകി ഫോണിൽ വിളിച്ചിരുന്നെന്ന് വിദ്യാർഥി പറഞ്ഞു.
വീട്ടിൽ നിന്നും അല്പ്പമകലെ ഒരു പറന്പിൽ ഉണ്ടെന്നാണ് കാമുകി പറഞ്ഞതെന്ന് വിദ്യാർഥി പോലീസിനോട് പറഞ്ഞു. കാമുകൻ പറഞ്ഞ സ്ഥലത്തുനിന്നും വധുവിനെ പോലീസ് കണ്ടെത്തി. തുടർന്ന് കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വിദ്യാർഥിയായ കാമുകനുമായി പ്രണയത്തിലാണെന്നും വീട്ടുകാർ നിശ്ചയിച്ച വിവാഹം വേണ്ടെന്നും വധു അറിയിച്ചത്.
മാതാപിതാക്കൾക്കൊപ്പം പോകുന്നില്ലെന്ന് വധു അറിയിച്ചതോടെ കോടതി നിർദേശപ്രകാരം വധുവിനെ കോട്ടയത്തെ തണൽ എന്ന കേന്ദ്രത്തിൽ പോലീസ് എത്തിക്കുകയായിരുന്നു.നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കൾ സമുദായ ഭാരവാഹികളെയും പോലീസിനെയും സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എരുമേലിയിൽ നൈനാർ മസ്ജിദിൽ വരന്റെയും വധുവിന്റെയും നിക്കാഹ് നടത്തിയിരുന്നു. തുടർന്നാണ് ഇന്നലെ വിവാഹവും സൽക്കാരവും നടത്താനിരുന്നത്. സദ്യക്കായി ഭക്ഷണം ഒരുക്കിയിരുന്നു.