കോട്ടയം: വരന്റെ വീടിന് ഭംഗി പോരെന്ന് വധുവിന്റെ ബന്ധുക്കൾ. ഇതിന്റെ പേരിൽ വിവാഹം മുടങ്ങുമെന്നു ഭയന്ന യുവാവും യുവതിയും ഒളിച്ചോടി വിവാഹിതരായി. എരുമേലിയിലാണ് സംഭവം. ഏറെ നാളായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും. ഇതറിഞ്ഞ ബന്ധുക്കൾ വിവാഹത്തിന് സമ്മതിച്ചു. വരന്റെ വീട് കാണാൻ വധുവിന്റെ ബന്ധുക്കളെത്തി.
വീടിന് ഭംഗിയില്ലെന്നും തീരെ മോശമാണെന്നും പലരും അഭിപ്രായപ്പെട്ടു. ഇതോടെ വിവാഹം മുടങ്ങുമോ എന്നു ഭയന്ന് ഇന്നലെ രാവിലെ യുവാവും യുവതിയും ഒളിച്ചോടി. കാഞ്ഞിരപ്പള്ളിയിലെ കോളജിലേക്കെന്നു പറഞ്ഞു പോയ 21കാരി വൈകുന്നേരമായിട്ടും മടങ്ങി എത്താതായപ്പോൾ വീട്ടുകാർ എരുമേലി സ്റ്റേഷനിൽ പരാതി നല്കി.
പോലീസ് അന്വേഷണത്തിൽ യുവതി പോയത് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ച യുവാവുമൊത്താണെന്ന് അറിവായി. ഇവർ വിവാഹിതരായെന്നും ഇന്ന് സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തോട്ടയ്ക്കാട്ടു നിന്ന് ഇന്നലെ പത്തൊൻപതുകാരിയെ കാണാതായെന്ന പരാതിയിൽ വാകത്താനം പോലീസ് കേസെടുത്തു. ഇന്നലെ രാവിലെയാണ് കാണാതായത്. പോലീസ് അന്വേഷണം ഉൗർജിതമാക്കി.