വെച്ചൂച്ചിറ: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം കടന്നുകളഞ്ഞ യുവതിക്കെതിരെ ഭര്‍ത്താവിന്റെ പരാതിയില്‍ ബാലനീതി വകുപ്പുകള്‍ കൂടി ചേര്‍ത്ത് പോലീസ് കേസെടുത്തു.
ഭാര്യയും മകനുമുള്ള യുവാവ് മറ്റൊരു യുവതിക്കൊപ്പം കടന്നുകളഞ്ഞതിനും തട്ടിക്കൊണ്ടുപോകലിനും വേറെ കേസും. കാണാതായ യുവതിയെ കണ്ടെത്തിയശേഷമാണ് കേസ് വിവരം പോലീസ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ജൂണ്‍ 29നാണ് വെച്ചൂച്ചിറ സ്വദേശി ബിന്ധ്യ (38)യെ കാണാതായത്. വെച്ചൂച്ചിറ നൂറോകാട് സ്വദേശി രാജീവിനൊപ്പം ഒളിച്ചോടിയതാകാമെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ബിന്ധ്യയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍, രാജീവിന് ഭാര്യയും രണ്ടര വയസുള്ള മകനുമുണ്ട്. ബിന്ധ്യയ്ക്കാകട്ടെ 15ഉം 10ഉം വയസുള്ള മക്കളുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന്, കുട്ടികളെ ഉപേക്ഷിച്ചു പോയതിന് ഇരുവരെയും പ്രതികളാക്കി കേസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ നിര്‍ദേശം നല്കി.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു വെച്ചൂച്ചിറ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തില്‍ ഇരുവരെയും എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജില്‍ കണ്ടെത്തി. തുടര്‍ന്ന് എഎസ്ഐ അനില്‍കുമാറും സംഘവും ഇവരെ ഇന്നലെ പുലര്‍ച്ചെ വെച്ചൂച്ചിറയിലെത്തിച്ചു.
രാജീവിന്റെ പ്രലോഭനങ്ങള്‍ക്കു വഴങ്ങി ബിന്ധ്യ തന്റെ സ്വര്‍ണച്ചെയിനും മൂന്നു മോതിരവും 43000 രൂപയ്ക്ക് എരുമേലിയില്‍ വിറ്റശേഷം ഇരുവരും എറണാകുളത്തിന് പോകുകയാണ് ഉണ്ടായത്.
എരുമേലിയില്‍ മുദ്രപ്പത്രം വാങ്ങാന്‍ പോകുന്നെന്നു പറഞ്ഞാണ് ബിന്ധ്യ വീട്ടില്‍നിന്നും പോയതെന്ന് ഭര്‍ത്താവ് അനില്‍കുമാര്‍ പറഞ്ഞു. ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്തു കൈക്കൊണ്ട നിയമനടപടികളിലൂടെയും മികച്ച സന്ദേശമാണ് പോലീസ് സമൂഹത്തിനു നല്‍കിയിരിക്കുന്നതെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.