അടൂര്‍: അവസാന ദിവസത്തെ പരീക്ഷയും എഴുതിയതിനുശേഷം കാണാതാകുകയും പോലീസ് തെരഞ്ഞ് ആണ് സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഓടി രക്ഷപ്പെടുകയും ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്താനായില്ല.
വ്യാഴാഴ്ച രാത്രി ഏഴോടെ കടമ്പനാട് കുണ്ടോംവെട്ടത്ത് മലനടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് പെണ്‍കുട്ടി ഇറങ്ങിയോടിയത്. തൊട്ടുപിന്നാലെ കനത്ത മഴ ആരംഭിക്കുകയും വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. പെണ്‍കുട്ടി പോകാന്‍ സാധ്യതയുള്ള വഴിയില്‍ എല്ലാം പോലീസ് വിവിധ സംഘങ്ങളായി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അതേസമയം, പെണ്‍കുട്ടിയെ വഴിയില്‍ കണ്ടതായി നാട്ടുകാരും ബസ് യാത്രക്കാരും മൊഴി നല്കി. കൂടല്‍ നെടുമണ്‍കാവ് സ്വദേശിയായ വിദ്യാര്‍ഥിനി അങ്ങാടിക്കല്‍ സ്കൂളിലാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയ പെണ്‍കുട്ടി ആണ്‍സുഹൃത്ത് കൊണ്ടുവന്ന കാറില്‍ കയറിയാണ് പോയതെന്നു പറയുന്നു.
നേരം വൈകിയിട്ടും പെണ്‍കുട്ടി വീട്ടില്‍ എത്താതിരുന്നപ്പോള്‍ രക്ഷിതാക്കാന്‍ കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഒരു യുവാവുമായി അടുപ്പം ഉണ്ടായിരുന്നെന്ന വിവരവും കൈമാറി. ഇതോടെ പോലീസുകാര്‍ നേരെ സുഹൃത്തിന്റെ വീട്ടില്‍ എത്തി.
പോലീസ് വാഹനം വരുന്നത് കണ്ട് പെണ്‍കുട്ടി വീടിന് പിന്നാമ്പുറത്ത് കൂടി ഇറങ്ങിയോടി. കൈവശം ഉണ്ടായിരുന്ന ബാഗും സാധന സാമഗ്രികളും ഉപേക്ഷിച്ചാണ് ഓടിയത്. സമീപ പോലീസ് സ്റ്റേഷനുകളുടെ സഹായത്തിൽ രാത്രി മുഴുവൻ പോലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ രാവിലെ പെൺകുട്ടിയെ പല ഭാഗങ്ങളിലും കണ്ടതായി വിവരം ലഭിച്ചതനുസരിച്ച് അന്വേഷണം നടത്തിയെങ്കിലും പോലീസ് എത്തിയപ്പോഴേക്കും കടന്നുകളഞ്ഞതായി പറയുന്നു. പെണ്‍കുട്ടിയെ കടത്തിയ മാരുതി ഓള്‍ട്ടോ കാറും ആണ്‍സുഹൃത്തിന്റെ കൂട്ടുകാരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അന്വേഷണം ശക്തമാക്കുന്നതിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്കി.