കടുത്തുരുത്തി: തമിഴ്നാട് സ്വദേശിക്കൊപ്പം ഒളിച്ചോടിയ 17 കാരിയേയും യുവാവിനേയും പോലീസ് മധുരയിൽനിന്നു പിടികൂടി. വൈദ്യപരിശോധനയിൽ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞെന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മധുര പെരിങ്ങനല്ലൂർ സ്വദേശി പളനി രാജു (35) വിനെതിരേ കേസെടുത്തുവെന്നും പോലീസ് അറിയിച്ചു.
പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ കടുത്തുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു. ഭാര്യയും മൂന്നു മക്കളുമുള്ള 35 കാരനൊപ്പമാണ് പെൺകുട്ടി നാടുവിട്ടത്. വർഷങ്ങളായി ഇവിടെ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി നോക്കുന്ന യുവാവ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. യുവാവിന്റെ സഹോദരന്റെ വീട്ടിൽ നിന്നാണ് ഇരുവരെയും കടുത്തുരുത്തി എസ്ഐ കെ.കെ. ഷംസു, സിപിഒ ആർ. അജി, വനിതാ സിപിഒ ബിന്ദു എന്നിവർ കസ്റ്റഡിയിലടുത്തത്.
മധുരയിലെ വീട്ടിൽ പെൺകുട്ടിയുമായെത്തിയ യുവാവിനെ ബന്ധുക്കൾ കൈകാര്യം ചെയ്യുകയും പെണ്‍കുട്ടിയെ വീട്ടിൽ നിന്നിറക്കി വിടുകയുമായിരുന്നു. മധുരയിൽ നിൽക്കാൻ മറ്റു വഴികളൊന്നുമില്ലാതായതോടെ തമിഴ്നാട്ടിൽനിന്നു പെണ്‍കുട്ടി നാട്ടിലെ ബന്ധുക്കളെ വിളിച്ചു, തന്നെ ഇവിടെനിന്നു രക്ഷിക്കണമെന്നു കരഞ്ഞു പറഞ്ഞു. ബന്ധുക്കൾ വിവരം കൈമാറിയതിനെത്തുടർന്നു കടുത്തുരുത്തിയിൽനിന്നു പോലീസ് മധുരയിലെത്തുകയായിരുന്നു.