വിഴിഞ്ഞം: വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കു ശേഷം കാമുകനൊപ്പം നാടുവിട്ട യുവതിയേയും കാമുകനെയും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയക്കാൻ ഉത്തരവായി.
കരിംകുളം പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് പൂവച്ചൽ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്. പുല്ലുവിള സ്വദേശിയായ യുവാവിനൊപ്പം രണ്ടാഴ്ച മുന്പായിരുന്നു യുവതിയുടെ വിവാഹം.
കുടുംബമായി കഴിയുന്നതിനിടയിൽ എസ്ബിഐയിലെ കളക്ഷൻ ഏജന്റായ യുവതി ഓഫീസിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോകുകയായിരുന്നു.അഞ്ചു പവന്റെ ആഭരണങ്ങളും കാറുമായിട്ടായിരുന്നു യുവതിയുടെ ഒളിച്ചോട്ടും.
വൈകുന്നേരം തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനോടൊപ്പം ഒളിച്ചോടിയ വിവരമറിയുന്നത്.
അന്വേണ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഭർത്താവിനൊപ്പം പോകാൻ യുവതി കൂട്ടാക്കിയില്ല.
പ്രശ്നം രൂക്ഷമായതോടെ കൈക്കലാക്കിയ ആഭരണങ്ങളിൽ കുറച്ച് പിതാവിന് തിരിച്ച് ഏൽപ്പിക്കാമെന്ന് സമ്മതിച്ചെങ്കിലും ഭർത്താവിനൊപ്പം പോകില്ലെന്ന് പറഞ്ഞു.
ഇരുവരെയും യോജിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പോലീസ് ഒളിച്ചോട്ടത്തിന് കേസെടുത്തു. എന്നാൽ പ്രേമത്തിലായിരുന്ന കാമുകൻ വിവാഹത്തിന് മുൻപ് വിവാഹാലോചനയുമായി യുവതിയുടെ വീട്ടിൽ വന്നിരുന്നെങ്കിലും വീട്ടുകാർ വിസമ്മതിക്കുകയായിരുന്നു.
ഇതോടെ ഒളിച്ചോടാൻ തീരുമാനിച്ച യുവതി സ്വർണം കൈക്കലാക്കാൻ വിവാഹം കഴിയുന്നതുവരെ കാത്തിരുന്നതായി പോലീസും പറഞ്ഞു.