അമ്പലപ്പുഴ: പ്രായപൂർത്തിയാകാത്ത പെണ്മക്കളുമായി കാമുകനൊപ്പം കടന്ന വീട്ടമ്മ സൽക്കാരത്തിനിടെ കുട്ടിക്ക് മദ്യം നൽകി. കായംകുളം സ്വദേശിനിയായ വീട്ടമ്മയാണ് 11 ഉം 12 ഉം വയസുള്ള പെണ്മക്കളുമായി മൂന്നാമത്തെ കാമുകനോടൊപ്പം ഒളിച്ചോടിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രണ്ടാമത്തെ ഭർത്താവിനെ ഉപേക്ഷിച്ച് പെണ്മക്കളുമായി വീട്ടിൽ നിന്നും കാമുകനോടൊപ്പം ഇറങ്ങി തിരിച്ച വീട്ടമ്മ ഭക്ഷണം കഴിക്കുന്നതിനിടെ 11 കാരിയായ മകൾക്ക് മദ്യം നൽകി.
തുടർന്ന് കുട്ടി അബോധാവസ്ഥയിലായതോടെ ഇരുവരും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടുകുട്ടികളുമായി എത്തുകയും അബോധാവസ്ഥയിലായ 11 കാരിയെ ഒന്നാം വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. യുവതിയേയും മക്കളേയും കാണാനില്ലന്ന് കാണിച്ച് ബന്ധുക്കൾ രണ്ടു ദിവസം മുന്പ് കായംകുളം പോലീസിൽ നൽകിയിരുന്ന പരാതിയെ തുടർന്ന് അന്വേഷണം നടത്തി വരവെ ഇവർ ആശുപത്രിയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കായംകുളം പോലീസ് ആശുപത്രിയിൽ എത്തി യുവതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.
ഇന്നലെ ആർഡിഒ കോടതി 34 കാരിയായ വീട്ടമ്മയ്ക്ക് ജാമ്യം നൽകിയതിനെ തുടർന്ന് കുട്ടികളെ കൊണ്ടു പോകാനായി ആശുപത്രിയിലെത്തിയ വിവരം അറിഞ്ഞ് ശിശു ക്ഷേമസമിതി അംഗം ആശുപത്രിയിൽ എത്തി. ജില്ലാ ചൈൽഡ് വെൽഫയർ യൂണിറ്റിൽ അറിയിക്കുകയും തുടർന്ന് ജില്ലാ ചൈൽഡ് വെൽഫയർ ഓഫീസർ ഷെറിൻ കെന്നടിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം 6.30 ഓടെ ആശുപത്രിയിൽ എത്തിയ സംഘം കുട്ടികളെ ഏറ്റെടുത്തു.
മാതാവിന് ഒപ്പം വിട്ടാൽ കുട്ടികൾ സുരക്ഷിതരായിരിക്കില്ലെന്നും ശിശു സംരക്ഷണ നിയമം 75 അനുസരിച്ച് ശ്രദ്ധയും സംരക്ഷണവും നൽകുന്നതിനായി കുട്ടികളെ മായിത്തറ റെസ്ക്യൂ ഹോമിലേക്ക് മാറ്റുകയാണെന്നും ഷെറിൻ കെന്നടി പറഞ്ഞു.