കോട്ടയം: ‘ഹലോ ഞങ്ങൾ സേഫാണ്, ഞങ്ങളെ അന്വേഷിക്കേണ്ട’… കഴിഞ്ഞ ഏതാനും മാസങ്ങളായി ജില്ലയിൽനിന്നും കാണാതാകുന്ന യുവതികളുടെ ഭർത്താക്കൻമാരുടെയോ മാതാപിതാക്കളുടെയോ ഫോണിലേക്കു വരുന്ന കോളിന്റെ ആദ്യഭാഗമാണിത്.
കഴിഞ്ഞ ഏപ്രിൽ, മേയ്, ജൂണ്‍ മാസത്തിനിയിൽ ജില്ലയിൽ 63 സ്ത്രീകളെ കാണാതായ തായിട്ടുണ്ട്. ഇതിൽനിന്നും 60 സ്ത്രീകളെ ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇനിയും കണ്ടെത്താൻ കഴിയാത്തതു മൂന്നു പേരെയാണ്. ഇവരെ കണ്ടെത്തുന്നതിനായിട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറയുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് കാണാതാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നും നാല് വീട്ടമ്മമാരെ കാണാതായിരുന്നു. ഇവരെയെല്ലാം പോലീസ് കാമുകൻമാർക്കൊപ്പം കണ്ടെത്തിയിരുന്നു.