കോട്ടയം: 19കാരനെയും രണ്ടുമക്കളുടെ അമ്മയായ 39കാരിയേയും കാണാതായിട്ട് ഒരുമാസം. തൃക്കൊടിത്താനം സ്വദേശിനിയായ വീട്ടമ്മയ്ക്കൊപ്പമാണ് ചങ്ങനാശേരി സ്വദേശിയായ പത്തൊൻപതുകാരനെ കാണാതായത്. ഇരുവരും ചങ്ങനാശേരിയിലെ ഒരു കടയിലെ ജീവനക്കാരാണ്.
കാണാതായതിന്റെ പിറ്റേന്ന് പാലക്കാട്ട് ഇവരുടെ മൊബൈൽ ഫോണ് റേഞ്ച് കാണിച്ചതിനു പിന്നാലെ ഫോണ് കട്ടായി. പിന്നീട് ഇന്നുവരെ മൊബൈൽ ഫോണ് ഉപയോഗിച്ചിട്ടില്ല. മുംബൈയിൽ ഇവരെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കിട്ടിയ വിവരം ശരിയല്ലെന്നു കണ്ട് മടങ്ങി.
ഭർത്താവുമൊത്ത് വീട്ടമ്മ മുംബൈയിലായിരുന്നു. ആറു മാസം മുൻപാണ് നാട്ടിലെത്തിയത്. ഭർത്താവും ബന്ധുക്കളും ഇപ്പോഴും മുംബൈയിലുണ്ട്. എന്തെങ്കിലും വിവരം കിട്ടിയാൽ മുബൈയിലേക്ക് പോലീസിനെ അയയ്ക്കുമെന്ന് തൃക്കൊടിത്താനം പോലീസ് പറഞ്ഞു. വീട്ടമ്മയ്ക്ക് പത്തും പതിനൊന്നും വയസ് പ്രായമുള്ള രണ്ടു കുട്ടികളുണ്ട്. ചങ്ങനാശേരി, തൃക്കൊടിത്താനം പോലീസ് കേസ് അന്വേഷിച്ചു വരുന്നു.