മല്ലപ്പള്ളി: ക്വാറന്റൈൻ ലംഘിച്ച് കാമുകിയുമായി ഒളിച്ചോടി രജിസ്റ്റർ വിവാഹത്തിനു പോയ യുവാവിന് കോവിഡ്. വിവാഹം രജിസ്റ്റർ ചെയ്യാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ യുവാവിനെ ആനയിക്കപ്പെട്ടത് കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക്.
മല്ലപ്പള്ളി പരിയാരം സ്വദേശിയായ യുവസൈനികനാണ് കോവിഡ് കതിർമണ്ഡപത്തിലേക്കുള്ള യാത്രയ്ക്കു വെല്ലുവിളിയായത്. ജമ്മു കാശ്മീരിൽ നിന്നെത്തി നാട്ടിൽ ക്വാറന്റൈനിൽ കഴിയവെയായിരുന്നു ഒളിച്ചോട്ടം. അതി സാഹസികമായി കാമുകിയുമായി ഒളിച്ചോടി.
21 കാരിയായ യുവതിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കളും സഹോദരിയും കീഴ് വായ്പൂര് പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഇരുവരും തിരുവനന്തപുരത്താണെന്ന് പോലീസ് കണ്ടെത്തി. ഫോണിൽ ബന്ധപ്പെട്ട് തിരികെയെത്താൻ നിർദേശിച്ചു.
ക്വാറന്റൈൻ ലംഘനത്തിനടക്കം കേസുണ്ടെന്ന് പറയുകയും ചെയ്തു. പറഞ്ഞ സമയത്ത് യുവാവും യുവതിയും എത്താതെ വന്നപ്പോൾ പോലീസ് വീണ്ടും വിളിച്ചു. അപ്പോൾ തങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യാൻ പോകുകയാണെന്ന് അവർ പറഞ്ഞു.
ഇതിനിടെയാണ് യുവാവ് കോവിഡ് പോസിറ്റീവായ വിവരം പോലീസ് അറിയുന്നത്. സ്രവപരിശോധനയ്ക്ക് നല്കിയശേഷമായിരുന്നു യുവാവിന്റെ ഒളിച്ചോട്ടം.
വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ ദിവസം തന്നെ പേസിറ്റീവാകുകയും ചെയ്തു. രജിസ്ട്രേഷൻ കേന്ദ്രത്തിലെത്തിയ പോലീസ് യുവാവിനെ ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റി. ശേഷം സ്ക്രീനിലെന്നു പറഞ്ഞു യുവതിയും ക്വാറന്റൈനിലായി.