മാന്നാർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് ഹൈറേഞ്ചിലേക്ക് ഒളിച്ചോടിപ്പോയ കമിതാക്കളെ പോലീസ്പിടികൂടി.
മാന്നാർ പോലീസ് കണ്ടെത്തിയ ഇവരെ ബാലനീതി നിയമപ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു.
മാന്നാർ കുരട്ടിശ്ശേരി, പാവുക്കര, പുത്തൻപുരയിൽ, റംസിയ(36), കുരട്ടിശ്ശേരി, വിഷവർശ്ശേരിക്കര കുറുമ്പൊഴിക്കൽ താമരാക്ഷൻ(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ
14 ഉം 10 ഉം വയസ്സു പ്രായമുള്ള രണ്ട് കുട്ടികൾ വീതം ഇരുവർക്കുമുണ്ട്. പ്രായപൂർത്തിയാകാത്ത മക്കളെ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ അവരെ ഉപേക്ഷിച്ച് പോയി കുട്ടികൾക്ക് മാനസിക വിഷമവും ഭയവും ഉണ്ടാക്കിയതിന് 2015 ലെ ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം വകുപ്പ് 75 പ്രകാരമുള്ളതാണ് കേസ്.
സെപ്റ്റംബർ 19 ന് വൈകുന്നേരം ആറിന് ശേഷം റംസിയയെ കാണാതായതിന് ഭർത്താവ് നൽകിയ പരാതിയിൽ മാന്നാർ പോലീസ് മാൻ മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കാറും കസ്റ്റഡിയിൽ
കാണാതായ റംസിയയെ താമരാക്ഷനൊപ്പം സെപ്റ്റംബർ 20 ന് വൈകിട്ടോടെ ഇടുക്കി കഞ്ഞിക്കുഴിയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു.
താമരാക്ഷന്റെ കാറു സഹിതം ഇടുക്കി കഞ്ഞിക്കുഴി പോലീസ് കസ്റ്ററ്റഡിയിൽ എടുത്ത് മാന്നാർ പോലീസിന് കൈമാറുകയായിരുന്നു.
കേസിന്റെ അന്വേഷണത്തിൽ കാണാതായ റംസിയയും കാമുകനും ബാലനീതിനിയമപ്രകാരമുള്ള കുറ്റകൃത്യം ചെയ്തതായി തെളിയുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. താമരാക്ഷനെ ആലപ്പുഴ ജില്ലാ ജയിലിലും റംസിയയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കും റിമാൻ്ഡ് ചെയ്തു.