പയ്യന്നൂര്‍: കാണാതായ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി നഴ്സിംഗ് സൂപ്രണ്ടിനേയും ആംബുലന്‍സ് ഡ്രൈവറേയും കണ്ടെത്താന്‍ പയ്യന്നൂര്‍ സിഐയും സംഘവും നടത്തിയ അന്വേഷണം വിഫലമായി.
ഇരുവരും ചെന്നൈയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് സംഘം ചെന്നൈയില്‍ എത്തിയപ്പോഴേക്കും വിവരം ലഭിച്ച കമിതാക്കൾ മംഗളൂരുവിലേക്ക് മുങ്ങിയെന്നാണ് വിവരം. ഇതേ തുടർന്ന് അന്വേഷണസംഘം പയ്യന്നൂരില്‍ തിരിച്ചെത്തി.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇരുവരും മംഗളൂരുവിനടുത്ത സൂറത്ത്കല്ലിലെത്തിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞമാസം നാലിന് ഉച്ചയോടെ 20 പവനോളം വരുന്ന ആഭരണങ്ങളും അഞ്ചുവയസുള്ള മകനുമായി ആംബുലന്‍സ് ഡ്രൈവറോടൊപ്പം സ്ഥലംവിട്ട പയ്യന്നൂരിലെ നഴ്സിംഗ് സൂപ്രണ്ടായ 38-കാരിയെ കണ്ടെത്താനായാണ് പോലീസ് സംഘം കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയത്.
തമിഴ്നാട്ടിലെ ചിദംബരം അണ്ണാമലൈയിലെ എടിഎമ്മില്‍നിന്നും യുവതിയുടെ അക്കൗണ്ടിലെ പണം പിന്‍വലിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണ സംഘം അണ്ണാമലൈയില്‍ എത്തിയത്.
എന്നാല്‍ ചിദംബരത്തും ചെന്നൈയിലും വ്യാപകമായ തെരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇവര്‍ ചെന്നൈയില്‍ ഇല്ല ബോധ്യപ്പെട്ടു.
പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി. പ്രമോദ്, സിപിഒമാരായ രതീഷ്, ബിനി, മനീഷ് എന്നിവരടങ്ങിയ സംഘമാണ് ചെന്നൈയിലേക്ക് പോയിരുന്നത്.
ആംബുലന്‍സ് ഡ്രൈവറുടെ സ്കോര്‍പ്പിയോ കാറിലാണ് കമിതാക്കള്‍ കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.