പയ്യന്നൂര്‍: മുപ്പത്തഞ്ചുകാരിയെയും എട്ടുവയസുള്ള മകളെയും കാണാതായതായി പരാതി. പയ്യന്നൂരിനടുത്തുള്ള സ്ഥലത്തെ യുവതിയെയും മകളെയുമാണ് കാണാതായതായി ബന്ധു പോലീസില്‍ നല്കിയ പരാതി.
തറവാട്ടുവീട്ടില്‍ എട്ടുവയസുള്ള മകളുമായെത്തിയ യുവതിയെയാണ് ഇന്നലെ നേരം പുലര്‍ന്നപ്പോള്‍ കാണാതായത്. വീട്ടുകാര്‍ നോക്കിയപ്പോള്‍ ഇവരുടെ കിടപ്പുമുറി ശൂന്യമായിരുന്നു.
തലേദിവസം തറവാട്ടിലെത്തിയപ്പോള്‍ യുവതി കൊണ്ടുവന്നിരുന്ന ബാഗും കാണാനില്ലായിരുന്നു. യുവതിക്ക് അയല്‍വാസിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്ന് മനസിലാക്കിയ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളേയും കണ്ടെത്താനായില്ല.
ഇയാൾക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇയാളുടെ ആള്‍ട്ടോ കാറിലാണ് ഇവര്‍ കടന്നതെന്ന സംശയമുള്ളതായി യുവതിയുടെ ബന്ധു പയ്യന്നൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയില്‍ പയ്യന്നൂരിലെ നഴ്സിംഗ് സൂപ്രണ്ടായിരുന്ന 38-കാരി അഞ്ചുവയസുള്ള മകനെയുംകൂട്ടി 20 പവനോളം ആഭരണങ്ങളുമായി ആംബുലന്‍സ് ഡ്രൈവറോടൊപ്പം കടന്നതായുള്ള പരാതിയുമുണ്ടായിരുന്നു. ഇയാള്‍ക്കും ഭാര്യയും കുട്ടിയുമുണ്ട്.