പയ്യന്നൂര്‍: കാണാതായ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിനെയും ആംബുലന്‍സ് ഡ്രൈവറെയും കണ്ടെത്താന്‍ പയ്യന്നൂര്‍ സിഐയും സംഘവും ചെന്നൈയില്‍.
ഇവര്‍ ചെന്നൈയിലുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണ സംഘം ചെന്നൈയിലെത്തിയത്. ആശുപത്രിയിലെ മുന്ആംബുലന്സ് ഡ്രൈവറോടൊപ്പമാണ് യുവതി പോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയില്‍ പോലീസ് നടത്തിവന്ന അന്വേഷണമാണ് ഇപ്പോള്‍ ചെന്നൈയില്‍ എത്തി നില്‍ക്കുന്നത്.
കഴിഞ്ഞമാസം നാലിന് ഉച്ചയോടെ ഭര്‍ത്താവ് ജോലിക്ക് പോകുകയും അമ്മ ഒരു വിവാഹ വീട്ടിലേക്ക് യാത്രയാവുകയും ചെയ്ത അവസരത്തിലാണ് നഴ്സിംഗ് സൂപ്രണ്ടായ 38 കാരിയേയും അഞ്ചുവയസുള്ള മകനേയും കാണാതായത്.
ഈ നശിച്ച നാട്ടിലേക്കിനിയില്ല എന്ന് ഭര്‍ത്താവിനായി വീട്ടില്‍ കത്തെഴുതി വെച്ചിട്ടായിരുന്നു യുവതി മകനേയും കൂട്ടി പോയത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും 20 പവനോളം വരുന്ന ആഭരണങ്ങളുമായാണ് യുവതി കടന്നതെന്ന് കണ്ടെത്തിയിരുന്നു.
ഡ്രൈവറുമായി യുവതി അടുപ്പത്തിലായിരുന്നു എന്നറിഞ്ഞതോടെ കുറെനാള്‍ മുമ്പ് ആശുപത്രിയധികൃതര്‍ ഇയാളെ ജോലിയില്‍ നിന്നൊഴിവാക്കിയിരുന്നുവെന്നു.
എന്നിട്ടും ഭാര്യയും ഒരു കുട്ടിയുമുള്ള ഇയാളുമായി യുവതി അടുപ്പം തുടര്‍ന്നിരുന്നതായും ഡ്രൈവറുടെ ഭാര്യ കുട്ടിയുമൊത്ത് ആശുപത്രിയിലെത്തി നഴ്സിംഗ് സൂപ്രണ്ടായിരുന്ന യുവതിയുമായി ഇതേചൊല്ലി വാക്കേറ്റവുമുണ്ടായതായും കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്ന് ആശുപത്രി അധികൃതര്‍ യുവതിയേയും ജോലിയില്‍ നിന്നുമൊഴിവാക്കുകയായിരുന്നു. ഇതിന് ശേഷമായിരുന്നു യുവതിയെ കാണാതായത്.
കഴിഞ്ഞ ദിവസം യുവതിയുടെ അക്കൗണ്ടില്‍നിന്നും തമിഴ്നാട്ടിലെ ചിദംബരം അണ്ണാമലൈയിലെ എടിഎമ്മില്‍നിന്നും പണം പിന്‍വലിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ്, സിപിഒമാരായ രതീഷ്, ബിനി, മനീഷ് എന്നിവരടങ്ങിയ സംഘം ഇവരെ തേടിയെത്തിയെങ്കിലും അപ്പോഴേക്കും യുവതിയും ഡ്രൈവറും സ്ഥലം വിട്ടിരുന്നു.
തുടര്‍ന്നാണ് സൈബര്‍സെല്ലിന്റെ ടവര്‍ ലൊക്കേഷന്റെ സഹായത്തോടെയുള്ള അന്വേഷണം ചെന്നൈയിലെത്തിയത്.