പയ്യന്നൂര്‍: സഹപാഠിക്കൊപ്പം നാടുവിട്ട വിദ്യാര്‍ഥിനിയെ അന്വേഷകസംഘം ഹൈദരാബാദില്‍ കണ്ടെത്തി. പയ്യന്നൂരിലെ എന്‍ജിനിയറിംഗ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ രാമന്തളി കുരിശുമുക്കിലെ 19 കാരിയെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായത്. ഹൈദരാബാദില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയെ നാളെ പയ്യന്നൂരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കും.
സഹപാഠിയായ തായിനേരിയിലെ 19 കാരനോടൊപ്പമാണ് വിദ്യാര്‍ഥിനി പയ്യന്നൂരിൽ നിന്നും യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ യാത്രയായതെന്ന് അന്വേഷകസംഘത്തിന് ആദ്യംതന്നെ വിവരം ലഭിച്ചിരുന്നു. പോലീസ് അന്വേഷിക്കുന്ന വിവരം മനസിലാക്കിയ ഇവര്‍ അവിടെനിന്നും ഹൈദരാബാദിലേക്ക് കടക്കുകയായിരുന്നു.
വിദ്യാര്ഥിനിയോടൊപ്പമുള്ള കൂട്ടുകാരന് ഹൈദരാബാദിലേക്കുള്ള യാത്രയെപറ്റി നാട്ടിലുള്ള സുഹൃത്തിനോട് വിളിച്ചു പറഞ്ഞതായുള്ള സൂചനയില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് തുടരന്വേഷണം ഹൈദരാബാദിലേക്ക് നീങ്ങിയത്.പയ്യന്നൂര്‍ സിഐ എം.പി.ആസാദിന്റെ നേതൃത്വത്തില്‍ വനിതാപോലീസുള്പ്പെടെയുള്ള അഞ്ചംഗസംഘം തായിനേരിക്കാരന്റെ ഹൈദരാബാദിലുള്ള ബന്ധുവീട്ടില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.