പേരൂർക്കട: വിവാഹശേഷം കാമുകനൊപ്പം സ്ഥലംവിട്ട യുവതിയെ പോലീസ് കോവളത്ത് നിന്ന് കണ്ടെത്തി. 32-കാരിയായ യുവതിയെയാണ് കെഎസ്ആർടിസി ഡ്രൈവറായ കാമുകനൊപ്പം കോവളം ഭാഗത്തുനിന്ന് വട്ടിയൂർക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമാണ് യുവതി കാമുകനൊപ്പം സ്ഥലംവിട്ടത്. രണ്ടു ദിവസം മുന്പാണ് യുവതിയും 36-കാരനായ യുവാവുമായുള്ള വിവാഹം തിരുവനന്തപുരത്ത് കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ യുവതി ഭർത്താവിന് വോയിസ് മെസേജ് അയച്ച ശേഷം വീട്ടിൽ നിന്ന് സ്ഥലം വിടുകയായിരുന്നു.
ആഭരണങ്ങളുമായാണ് യുവതി കാമുകനൊപ്പം പോയത്. തനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അയാൾക്കൊപ്പം പോകുന്നു എന്നുമായിരുന്നു വോയിസ് മെസേജ്. തുടർന്ന് യുവാവിന്റെ വീട്ടുകാർ വട്ടിയൂർക്കാവ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയേയും കാമുകനേയും കോവളം ഭാഗത്തുനിന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ഇരുവരെയും കോടതിയിൽ ഹാജരാക്കിയശേഷം വിട്ടയച്ചു. അതേസമയം സംഭവത്തിൽ തനിക്ക് മാന നഷ്ടമുണ്ടായെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ് വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.