പത്തനംതിട്ട: പത്താംക്ലാസുകാരിയെ കടത്തിക്കൊണ്ടുപോയെന്ന കേസില്‍ അറസ്റ്റിലായ സ്വകാര്യബസ് ഡ്രൈവറെ ഇന്നു കോടതിയില്‍ ഹാജരാക്കും.
ആങ്ങമൂഴി -മല്ലപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവേ മരിയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ വടശേരിക്കര, പേഴുംപാറ സ്വദേശി ഷിബിനാണ് (33) അറസ്റ്റിലായത്.
കോട്ടയത്തെ ഒരു ലോഡ്ജില്‍ നിന്നാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഇയാളോടൊപ്പം പെണ്‍കുട്ടിയുമുണ്ടായിരുന്നു. പെണ്‍കുട്ടിയെ കാണാതായെന്ന് അമ്മ നല്കിയ പരാതിയേ തുടര്‍ന്നാണ് അന്വേഷണം നടന്നത്.
അമ്മയുടെ മുറി പൂട്ടിയിട്ട്…
വിവാഹിതനും രണ്ട് കുട്ടിയുടെ പിതാവുമാണ് ഷിബിന്‍. സീതത്തോട് കൊച്ചുകോയിക്കല്‍ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇയാള്‍.
അമ്മയുടെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ട അമ്മ ഫോണില്‍ റെക്കോഡിങ് ഓപ്ഷന് ഇട്ടിരുന്നു.
പുലര്‍ച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെ അമ്മ അറിയുകയും ചെയ്തിരുന്നു. അമ്മയുടെ മുറി പൂട്ടിയിട്ടിട്ടാണ് പുലര്‍ച്ചെ പെണ്‍കുട്ടി ഇറങ്ങിപ്പോയതെന്നു പറയുന്നു.
ഇതിനിടയില്‍ മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ അമ്മ ഷിബിന്റെ നമ്പരിലേക്ക് വിളിച്ചു. നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സുരക്ഷിതയായിരിക്കുമെന്ന് പറഞ്ഞ് ഇയാള്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നുവത്രേ.
അതിന് ശേഷം ഇവര്‍ എങ്ങോട്ടു പോയി എന്നത് സംബന്ധിച്ച് വിവരമുണ്ടായിരുന്നില്ല.
യാത്രയുടെ അവസാനം….
മൂഴിയാര്‍ പോലീസില്‍ പരാതി ലഭിച്ചതിനേ തുടര്‍ന്ന് ഷിബിന്റെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇരുവരെയും കണ്ടെത്താന്‍ ശ്രമിക്കുകയുമായിരുന്നു.
പോലീസ് അന്വേഷണം ഊര്‍ജിതമായതോടെയാണ് ഇരുവരുടെയും യാത്ര കോട്ടയത്ത് അവസാനിപ്പിച്ചതെന്ന് കരുതുന്നു.
ഷിബിനെതിരേ തട്ടിക്കൊണ്ടുപോകലിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി, മൊഴിയെടുത്തു.
പോക്സോ കേസ് ചുമത്താനാകുമോയെന്നു തീരുമാനമായിട്ടില്ലെന്നും പോലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനുശേഷം പെണ്‍കുട്ടിയെയും കോടതിയില്‍ ഹാജരാക്കും.
’