തൊടുപുഴ: നാലുവയസുള്ള കുഞ്ഞുമായി യുവതി രണ്ടു കുട്ടികളുള്ള കാമുകനൊപ്പം പോയി. സംഭവത്തിൽ യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
28 കാരിയായ തങ്കമണി സ്വദേശിനിയെയും കാമുകനായ 30 കാരനെയുമാണ് സിഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഏഴും ഒൻപതും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവാവ് യുവതിയുമായി മുങ്ങിയത്.
തൊടുപുഴയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവതി ഭർത്താവിന്റെ കൂടെ പെയിന്റിംഗ് ജോലിക്കെത്തിയ യുവാവിനൊപ്പം പോകുകയായിരുന്നു.
ഭാര്യയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ കുടുംബത്തിന്റെ സംരക്ഷണയിൽനിന്നു മാറ്റിയതിന്റെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവർക്കുമെതിരേ കേസെടുത്ത് കോടതിയിൽ ഹാജരാക്കി. യുവതി കാക്കനാട് ജയിലിലും യുവാവ് മുട്ടം ജയിലിലുമാണ്.