വൈക്കം: വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 21കാരി വീട്ടിൽനിന്ന് ഒളിച്ചു കടന്നു. പോലീസ് അന്വേഷണത്തിൽ വൈക്കം തലയാഴം സ്വദേശിയായ യുവതിയെ ബംഗളൂരുവിൽ കണ്ടെത്തി.
ബംഗളൂരുവിൽ നഴ്സിംഗ് പഠനത്തിനൊപ്പം ആശുപത്രിയിൽ ജോലി നോക്കുന്ന യുവതി കഴിഞ്ഞ ദിവസമാണ് കൂടെ പഠിക്കുന്ന കൊല്ലംകാരിയായ കൂട്ടുകാരിക്കൊപ്പം തലയാഴത്തെ വീട്ടിലെത്തിയത്.
ഒരാഴ്ചത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ കൂട്ടുകാരി വീട്ടിലേക്കു മടങ്ങി. കഴിഞ്ഞ 26നു രാവിലെ മുതൽ യുവതിയെ കാണാതായതോടെ വീട്ടുകാർ പരിഭ്രാന്തരായി.
വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കൊല്ലംകാരിയായ കൂട്ടുകാരിയോട് വിവരങ്ങൾ ആരാഞ്ഞു. കോട്ടയത്തെ ഒരു യുവാവുമായി യുവതിക്കു അടുപ്പമുണ്ടെന്ന് പോലീസിനെ അറിയിച്ചു.
പോലീസ് യുവാവിനോട് അന്വേഷിച്ചപ്പോൾ യുവതിയെ കണ്ടിട്ടില്ലെന്നു ബോധ്യമായി. പിന്നീട് യുവതിയുടെ കൂട്ടുകാരിയെ വിശദമായി ചോദ്യം ചെയ്തതോടെ യുവതിയുടെ ഒളിച്ചോട്ടത്തിന്റെ തിരക്കഥ പുറത്തായി.
ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഒരു യുവാവ് കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ 26നു പുലർച്ചെ യുവതിയുടെ വൈക്കം തലയാഴത്തെ ഉൾപ്രദേശത്തെ വീട്ടിലെത്തി യുവതിയെ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.
പറയാതെ പോയ യുവതിയെ വൈക്കത്തെ മൂന്നു പോലീസുകാർ ബംഗളൂരുവിലെത്തി കണ്ടു. അടുപ്പക്കാരനായ യുവാവിനൊപ്പമുണ്ടെന്ന് ബോധ്യപ്പെട്ടു. യുവതിയെ പോലീസ് വൈക്കത്ത് തിരിച്ചെത്തിച്ചു കോടതിയിൽ ഹാജരാക്കും.